atm

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒഴിച്ചു നിർത്താൻ പറ്റാത്ത ഒന്നായി വരുകയാണ് എ ടി എം മെഷീനുകൾ. ഇപ്പോൾ എല്ലായിടത്തും എ ടി എമ്മുകൾ സുലഭമാണ്. എന്നാൽ മഞ്ഞുപെയ്യുന്ന മലയുടെ മുകളിലുള്ള എ ടി എമ്മിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരം ഒരു എ ടി എം ഉണ്ട്.

ചെെനയ്ക്കും പാകിസ്ഥാനും ഇടയിൽ ഖഞ്ചറാബ് ചുരത്തിന്റെ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 4693 മീറ്റർ ഉയരത്തിലുള്ള ഈ എ ടി എം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ ടി എം എന്ന പദവിയിൽ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് പോലും ധാരാളം ജനങ്ങളാണ് ഈ മഞ്ഞുമൂടിയ മലനിരകളിൽ എത്തുന്നത്. അതിനാലാണ് നാഷണൽ ബാങ്ക് ഒഫ് പാകിസ്ഥാൻ ഇവിടെ എ ടി എം സ്ഥാപിച്ചത്. 2016 മുതൽ ഇവിടെ എ ടി എം പ്രവർത്തിക്കുന്നു. വെെദ്യുതിയില്ലാത്ത ഈ സ്ഥലത്ത് സൗരോർജ്ജത്തിന്റെയും കാറ്റിന്റെയും സഹായത്താലാണ് മെഷിൻ പ്രവർത്തിക്കുന്നത്. ആകാശത്തു നിന്നും പണം പിൻവലിക്കുന്ന അനുഭൂതിയാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്ന് പല വിനോദസഞ്ചരികളും പറയുന്നു. പ്രദേശവാസികളും അതിർത്തി സുരക്ഷാ സേനയും വിനോദസ‌ഞ്ചാരികളുമാണ് ഈ എടിഎം ഉപയോഗിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഏകദേശം 40 മുതൽ 50 ലക്ഷം വരെയാണ് ഇവിടെ നിന്ന് പിൻവലിക്കുന്നത്.