
ചിക്കമംഗളൂർ: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാപ്പിത്തോട്ടത്തിൽ 16 ദളിതരെ 15 ദിവസം ഉടമ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി. ആക്രമണത്തിൽ രണ്ട് മാസം ഗർഭിണിയായ അർപ്പിതയുടെ കുഞ്ഞ് മരിച്ചു. നിരന്തരമായുള്ള ക്രൂര മർദ്ദനത്തെ തുടർന്ന് അർപ്പിതയ്‌ക്ക് ഗർഭച്ഛിദ്രമുണ്ടായത്. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദളിത് നിയമപ്രകാരം തോട്ടം ഉടമയായ ജഗദീശ ഗൗഡ, മകൻ തിലക് ഗൗഡ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
16 അംഗങ്ങളുൾപ്പെടുന്ന നാല് കുടുംബങ്ങളെയാണ് പൂട്ടിയിട്ടത്. കാപ്പിത്തോട്ടത്തിൽ ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന തൊഴിലാളികൾ ജഗദീശ ഗൗഡയിൽ നിന്ന് ഒമ്പത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ ചിലർ വീട് വിട്ട് പോയതിന്റെ പ്രതികാരമായി ബാക്കിയുള്ളവരെ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ചിക്കമംഗളൂരു ജില്ലാ സൂപ്രണ്ട് ഉമാ പ്രശാന്ത് പറഞ്ഞു. ബന്ധുക്കളെ ജഗദീശ ഗൗഡ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ചിലർ ബലെഹന്നൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കുകയായിരുന്നു. അർപ്പിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ചിക്കമംഗളൂർ എസ്.പിക്ക് പരാതി ലഭിച്ചത്. അതേസമയം ജഗദീശ പാർട്ടി പ്രവർത്തകനല്ലെന്നും അനുഭാവി മാത്രമാണെന്നും ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.