
കരിംഗഞ്ച്: ബി.എസ്.എഫും പൊലീസും ചേർന്ന് നടത്തിയ മയക്കുമരുന്നു വേട്ടയിൽ അസാം കരിംഗഞ്ചിലെ ട്രക്കിൽ നിന്ന് 47 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. 9.47 കിലോ വരുന്ന ഹെറോയിന് 47.4 കോടി വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ പുലർച്ചെ ന്യൂ കരിംഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപം മിസോറാമിൽ നിന്ന് ത്രിപുരയിലേക്ക് പോയ ട്രക്കിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തെത്തുടർന്ന് ട്രക്ക് തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിൽ ഡ്രൈവറുടെ ക്യാബിനിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് 764 സോപ്പ് കെയിസുകളിൽ പാക്ക് ചെയ്ത ഹെറോയിൻ കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.