
യാത്രാവേളയിൽ ഇഷ്‌മുളള ഷോയും തമാശ സിനിമയും ഒക്കെ ആസ്വദിക്കാം. ഓഫീസ് ജോലിയും ചെയ്യാം. കൊച്ചി മെട്രോ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും സൗജന്യ വെെഫെെ സർവീസ് നടപ്പിലാക്കിയിരിക്കുകയാണ്. ഈ അതിവേഗ ഇന്റർനെറ്റ് ഇനി യാത്രക്കാർക്ക് വേണ്ടുവോളം ഉപയോഗിക്കാം.യാത്രാവേളകളിൽ സൗജന്യവും സുരക്ഷിതവുമായി വെെഫെെ സർവീസ് ഉപയോഗിച്ച് യാത്രക്കാർക്ക് ജോലി ചെയ്യുകയോ വിനോദപരിപാടികൾ ആസ്വദിക്കുകയോ ചെയ്യാം എന്ന് വൈഫൈ സർവീസ് ഉദ്ഘാടനം ചെയ്ത് കെ.എം.ആർ.എൽ എം. ഡി .ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
നിലവിൽ 4 ജി നെറ്റ് വർക്ക് ആണ് എന്നാൽ 5 ജി വരുമ്പോൾ അപ്ഗ്രേഡ് ചെയ്യും. ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയിൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എം.ആർ.എലും വേൾഡ്ഷോർ എന്ന കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. സൗജന്യ വെെഫെെ ലഭ്യമാക്കാൻ ഉള്ള വിവരങ്ങൾ എല്ലാ ട്രെയിനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
മൊബൈലിൽ വൈഫൈ ഓൺ ചെയ്തതിനു ശേഷം‘KMRL Free Wi-Fi’ സെലക്റ്റ് ചെയ്ത് പേരും മൊബൈൽ നമ്പരും നൽകുക. അപ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് യാത്രക്കാർക്ക് കൊച്ചി മെട്രോ നൽകുന്ന സൗജന്യ വൈഫൈ സർവ്വീസ് ഉപയോഗിക്കാം.