karimadom-pond

തിരുവനന്തപുരം: സകല മാലിന്യങ്ങളും അടിഞ്ഞുകൂടിയ കുളത്തിൽ നിന്നുള്ള അസഹനീയ ദുർഗന്ധവും സഹിച്ച് ജീവിക്കേണ്ട ഗതികേടിലാണ് അട്ടക്കുളങ്ങരയിലെ കരിമഠം കോളനി നിവാസികൾ. കോളനിയിൽ നിന്ന് കഷ്ടിച്ച് അഞ്ച് മീറ്റർ ദൂരമേ ഈ കുളത്തിലേക്കുള്ളൂ. മൂക്ക് പൊത്തിപ്പിടിക്കാതെ അധികനേരം നിൽക്കാനാവാത്ത അവസ്ഥയാണ്.

കുട്ടികൾക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഡയപ്പറുകൾ,​ ഇറച്ചിക്കടകളിലെ മാലിന്യങ്ങൾ,​ പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ,​ പ്ലാസ്റ്റിക്കുകൾ,​ സ്വീവേജ് മാലിന്യങ്ങളും കുളത്തിൽ തള്ളുന്നുണ്ട്. പുറത്തുനിന്നുള്ളവർ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ കുളത്തിലേയ്ക്ക് തള്ളുന്നത് പതിവാണെന്നാണ് ആരോപണം. മാലിന്യങ്ങൾക്ക് പുറമെ നഗരസഭ ഹരിതക‌ർമ്മസേനയുടെ മാലിന്യശേഖരണ കേന്ദ്രവും കുളക്കരയിലാണ്. കൊതുകും ഈച്ചയുമടക്കം പെറ്റുപെരുകുന്ന ഇവിടം പകർച്ചവ്യാധി ഭീഷണിയിലാണ്. മഴ പെയ്‌താൽ കുളത്തിലെ വെള്ളം നിറഞ്ഞ് കവിയുന്ന സ്ഥിതിയാണ്. കുളത്തിന് സമീപത്തായി അങ്കണവാടി,​ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം,​ ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നുണ്ട്.

നഗരസഭ അധികൃതർ മണ്ണുമാന്തി യന്ത്രവുമായി വന്ന് കുളത്തിനകത്തെ മാലിന്യം കോരി വീട്ടുമുറ്റത്തിട്ടിട്ട് പോകാറാണ് പതിവെന്ന് കോളനി നിവാസികൾ പറയുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കുളം ഉൾപ്പെട്ടിട്ടുണ്ടെന്നും കരയ്ക്കെടുക്കുന്ന മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ സ്ഥലമില്ലാത്തത് തിരിച്ചടിയാണെന്നുമാണ് കൗൺസിലർ കെ.കെ. സുരേഷ് പറയുന്നത്. ജനജീവിതം ദുസഹാകുന്ന അവസ്ഥയുണ്ടായിട്ടും നഗരസഭ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.