തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.ആർ.ഇ.ജി) തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ തൊഴിലാളികളുടെ പ്രതിഷേധം അലയടിച്ചു. നഗരത്തിൽ രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 11ഓടെ റോഡിന്റെ ഇരുവശങ്ങളും നിറഞ്ഞ് ആർത്തിരമ്പിയ പെൺപ്പട മുദ്രാവാക്യം വിളിച്ച് രാജ്‌ഭവന് മുന്നിലേക്ക് ഇരമ്പിയെത്തി. പ്രതിഷേധക്കാർ തൊട്ടടുത്തെത്തിയിട്ടും ബാരിക്കേഡ് മുഴുവനായി സ്ഥാപിക്കാൻ പൊലീസുകാർക്ക് കഴി‌ഞ്ഞിരുന്നില്ല. അച്ചടക്കത്തോടെയെത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കാതെ സഹകരിച്ചത് പൊലീസിന് ആശ്വാസമായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.