തിരുവനന്തപുരം: നെടുമുടി വേണുവിന്റെ ഓർമകൾക്ക് മുന്നിൽ സോപനത്തിലെ കലാകാരന്മാരും കലാ സാംസ്കാരിക പ്രവർത്തകരും ഒത്തുകൂടി. നെടുമുടി വേണുവിന്റെ വട്ടിയൂർക്കാവിലെ തിട്ടമംഗലത്തെ തമ്പ് എന്ന വീട്ടുമുറ്റത്താണ് കാവാലം സംസ്കൃതിയും കാവാലം സ്കൂൾ ഒഫ് മ്യൂസിക്കും നേതൃത്വം നൽകിയ 'തമ്പിൽ പൂരം ' എന്ന പരിപാടി അരങ്ങേറിയത്. കാവാലം സംസ്കൃതി പ്രസിഡന്റ് സജി കമലയാണ് പരിപാടി സംവിധാനം ചെയ്തത്. വർഷങ്ങൾക്ക് മുൻപ് നെടുമുടി വേണു അവതരിപ്പിച്ച 'അവനവൻ കടമ്പ' എന്ന നാടകത്തിന്റെ ആദ്യ ഭാഗത്തിന്റെ ദൃശ്യാവിഷ്കരണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഗിരീഷ് സോപാനമാണ് നാടകത്തിന് നേതൃത്വം നൽകിയത്. നെടുമുടിയുടെ ഭാര്യ സുശീല നെടുമുടിയുടെ ഫോട്ടോയ്ക്ക് മുന്നിൽ ദീപം തെളിച്ചു. മക്കളായ ഉണ്ണി, കണ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഗിരീഷ് സോപാനം, ശിവൻ, അയ്യപ്പൻ സോപാനം, രാമദാസ്, ശ്രീകുമാർ സോപാനം, മണികണ്ഠൻ, ബോസ്, കോമളൻ നായർ എന്നിവർ ചുവടുകൾ വച്ച് അവനവൻ കടമ്പ അവതരിപ്പിച്ചു. കാവാലം സജീവ്, കാവാലം ശ്രീകുമാർ,ബിജു സോപാനം, ഗിരീഷ് പുലിയൂർ, രാജീവ് നാഥ്, കല്ലറ ഗോപൻ, കെ.കലാധരൻ, സംവിധായകൻ അഴകപ്പൻ തുടങ്ങിയ കലാകാരന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് സമ്പന്നമായി. വേണുവിന്റെ ഓർമകൾക്ക് മുന്നിൽ സംവിധായകൻ രാജീവ് നാഥ് വികാരഭരിതനായി. നെടുമുടി ജീവൻ നൽകിയ മുക്കുറ്റി തിരുതാളി എന്ന ഗാനം, യവനിക എന്ന ചിത്രത്തിലെ മിഴികളിൽ നിറകതിരായി എന്ന ഗാനം, നാടൻ പാട്ടുകൾ, നാടകശകലങ്ങൾ എന്നിവ കലാകാരന്മാർ അവതരിപ്പിച്ചു. ഭാര്യ സുശീല കാവാലം നാരായണപ്പണിക്കരുടെ കവിത അവതരിപ്പിച്ചു. നിരവധി വേദികളിൽ നെടുമുടി അഭിനയിച്ച മോഷണം എന്ന അയ്യപ്പപണിക്കർ കവിത ' കള്ളൻ ' എന്ന പേരിൽ കൃഷ്ണൻ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പുണരാവിഷ്കരിക്കപ്പെട്ടതും ശ്രദ്ധേയമായി. സിതാര ബാലകൃഷ്ണന്റെ മോഹിനിയാട്ടവും നടന്നു.