
ഗാന്ധിനഗർ: കേരളത്തിലെ നരബലിക്കു പിന്നാലെ ഗുജറാത്തിലും ഐശ്വര്യത്തിനും സമ്പത്തിനുമായി മാതാപിതാക്കൾ പെൺകുട്ടിയെ നവരാത്രി ദിവസം ബലി നൽകിയെന്ന് ആരോപണം. ഗിർ സോമനാഥ് ജില്ലയിലെ ധാവ ഗ്രാമത്തിലെ കുടുംബമാണ് 14കാരിയെ ബലി നൽകിയത്. പെൺകുട്ടിക്ക് ബാധയുണ്ടെന്ന് പിതാവ് ഭവേഷ് അക്ബരി സംശയിച്ചിരുന്നു. ബാധയിൽ നിന്ന് മോചിപ്പിക്കാൻ നടത്തിയ മന്ത്രവാദത്തിനിടെയാണ് മകളെ ബലി നൽകിയത്.
ഭവേഷിന്റെ ഫാമിലാണ് കുട്ടിയെ ബലി നൽകിയത്. ഭവേഷ് സൂറത്തിലാണ് കച്ചവടം നടത്തിയിരുന്നത്. ആറു മാസം മുമ്പു വരെ സൂറത്തിൽ പഠിച്ചിരുന്ന പെൺകുട്ടിയെ ടി.സി വാങ്ങി നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ഭവേഷും സഹോദരനും കുട്ടിയെ പഴയ വസ്ത്രം ധരിപ്പിച്ച് രണ്ട് മണിക്കൂറോളം അഗ്നിയ്ക്കു മുന്നിൽ നിറുത്തി. തുടർന്ന് വസ്ത്രങ്ങൾ കത്തിച്ച ശേഷം കുട്ടിയെ മർദ്ദിച്ചെന്നും എസ്.പി മനോഹർ സിംഗ് ജഡേജ പറഞ്ഞു. വിശപ്പും ദാഹവും സഹിച്ച കുട്ടിയെ ഏറെ പീഡിപ്പിച്ചാണ് ബലി നൽകിയതെന്നും പൊലീസ് പറഞ്ഞു.
അതേസമയം കുട്ടി പുനർജനിക്കുമെന്ന് വിശ്വസിച്ച് നാല് ദിവസം മൃതദേഹം സൂക്ഷിച്ചു. തുടർന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി കുട്ടിയെ ബലിയർപ്പിച്ചെന്ന വിവരം സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. കൃഷി സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് പൊലീസും ഫോറൻസിക് സംഘവുമെത്തി തെളിവെടുത്തു.