drama

തിരുവനന്തപുരം: ഒരു കരച്ചിലിൽ തുടങ്ങി മറ്റൊരു കരച്ചിലിൽ അവസാനിക്കുന്ന നാടകം... ഇതിനിടയിൽ സഹൃദയരിലേയ്ക്ക് എത്തുന്ന കരച്ചിലിന്റെ മറ്റനേകം തലങ്ങൾ. എലിഫെന്റ് തിയേറ്റർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന 'ക്രൈ ഗെയിംസ്' എന്ന നാടകമാണ് വ്യത്യസ്തമായ ദൃശ്യാനുഭവത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. പതിനഞ്ച് വർഷത്തോളമായി നാടക രംഗത്ത് സജീവമായ കണ്ണനുണ്ണിയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ സംവിധാനം നിർവഹിച്ചത്.ക്രിയേറ്റീവ് ഷെയർ എന്ന സ്ഥാപനമാണ് എലിഫെന്റ് തിയേറ്ററിനൊപ്പം നാടകത്തിന്റെ പങ്കാളിയാവുന്നത്. ജനറൽ ആശുപത്രിക്ക് സമീപത്തെ സൂര്യാ കോപ്ലക്സിലുള്ള ക്രിയേറ്റീവ് ഷെയർ സ്റ്റുഡിയോയാണ് വേദി.കരച്ചിലിന്റെ വ്യത്യസ്ത തലങ്ങൾ നാടകം ചർച്ച ചെയ്യുന്നുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒക്ടോബർ 16ന് നാടകം സമാപിക്കും.

കരയിപ്പിക്കാൻ പൊലീസ് മുതൽ ഡോക്ടർ വരെ

ഏറെ പുതുമകളുള്ള 'ക്രൈ ഗെയിംസ്' നാടക വേദിയിൽ അണിനിരക്കുന്നവർക്കും ചില പ്രത്യേകതകളുണ്ട്.സ്ഥിരം നാടക പ്രവർത്തകർ മാത്രമല്ല പങ്കാളികളാവുന്നത്. അഭിനയ പരിശീലകൻ, ഡെന്റിസ്റ്റ്, പൊലീസുകാരൻ, സർക്കാർ ഉദ്യോഗസ്ഥർ, ഫ്രീലാൻസ് കലാകാരന്മാർ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ ഉള്ളവർ കരയാനും കരയിക്കാനും ചിന്തിപ്പിക്കാനും വേദിയിലെത്തും. ഏകദേശം മൂന്ന് മാസത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് നാടകം.

'ഈ നാടകത്തിന്റെ പ്രമേയം സംവിധായകനോ അഭിനേതാക്കളോ അല്ല തീരുമാനിക്കുന്നത്. കാണികൾക്ക് അവരുടേതായ രീതിയിൽ നാടകത്തെ വ്യാഖ്യാനിക്കാം. തുറന്ന ചർച്ചകൾക്കുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടാണ് നാടകത്തിന്റെ ആവിഷ്കാരം.'

കണ്ണനുണ്ണി, നാടകത്തിന്റെ സംവിധായകൻ