തിരുവനന്തപുരം: യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന 66- ാമത് ജില്ലാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാംദിനത്തിലും പോയിന്റ് കൊയ്ത്ത് തുടരുകയാണ് ജി.വി. രാജ സ്കൂൾ. രണ്ടുദിവസത്തെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 308 പോയിന്റാണ് ജി.വി. രാജ സ്കൂൾ നേടിയത്. ശ്രീഅയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്കൂൾ വെള്ളായണി 141 പോയിന്റോടെ പട്ടികയിൽ രണ്ടാമതാണ്. 81 പോയിന്റോടെ പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംങ്കുളം സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്. രണ്ടാംദിനവും വാശിയേറിയ മത്സരങ്ങളാണ് നടന്നത്. പെൺകുട്ടികളുടെ അണ്ടർ എയിറ്റീൻ 100 മീറ്റർ ഹർഡിൽസിൽ എം.വി.എച്ച്.എസ്.എസ് അരുമാനൂർ സ്കൂളിലെ ഡി. ഷീബ ഒന്നാമതെത്തി. 500 മീറ്റർ നടത്തത്തിൽ കുടപ്പനക്കുന്ന് യൂത്ത് ക്ലബിലെ അരുണിമ ആർ.വിയും ഡിസ്കസ് ത്രോയിൽ വട്ടിയൂ‌ർക്കാവ് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ ആദ്യ ആദർശും ഒന്നാമതെത്തി. ആൺകുട്ടികളുടെ അണ്ടർ എയിറ്റീൻ 1000 മീറ്റർ നടത്തത്തിൽ പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംങ്കുളം സ്കൂളിലെ അഭയ് എം.എസ്. ഒന്നാമതെത്തി. ഡിസ്കസ് ത്രോയിൽ ജി.വി. രാജ സ്കൂളിലെ മുഹമ്മദ് നിഹാലും 800 മീറ്റർ ഹർഡിൽസിൽ പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംങ്കുളം സ്കൂളിലെ ഇന്ദ്രനാഥൻ.എസും ഒന്നാംസ്ഥാനം നേടി. ആൺകുട്ടികളുടെ അണ്ട‌ർ 20 ഡിസ്കസ് ത്രോയിൽ മൂലയിൽ അത്‌ലറ്റിക്ക് ക്ലബിലെ വിധു കൃഷ്ണ ഒന്നാംസ്ഥാനത്തെത്തി. ഈ വർഷത്തെ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.