a

തിരുവനന്തപുരം: അപർണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ ഒരുക്കിയ 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം അറിയാനെത്തിയ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ലഭിച്ചത് നിറഞ്ഞ കൈയടികളോടെയുള്ള സ്വീകരണം. തിരുവനന്തപുരം ആർട്ടെക്ക് മാളിൽ ഫസ്റ്റ് ഷോ കഴിഞ്ഞ സമയത്ത് തിയേറ്ററിനുള്ളിലേക്ക് അഭിനേതാക്കളുൾപ്പെടെ എത്തിയതോടെ പ്രേക്ഷകർക്ക് ആവേശമായി. സിനിമ ഇഷ്ടമായോ എന്ന നടൻ ഹരീഷ് ഉത്തമന്റെ ചോദ്യത്തിന് ഉത്തരമായി ലഭിച്ചത് വൻ കൈയടി. നടൻ ചന്ദുനാഥ്, നിർമ്മാതാക്കളായ അരുൺ,വരുൺ, കഥാകൃത്ത് രഞ്ജിത്ത് ഉണ്ണി തുടങ്ങിയവർ ചിത്രത്തിന്റെ വിജയാഘോഷത്തിനെത്തി. സാധാരണ ത്രില്ലർ സിനിമകളിൽ നിന്ന് വേറിട്ട് നിൽക്കുന്നതിനായി തിരക്കഥയിൽ കൊണ്ടുവന്ന പുതിയ രീതിയാണ് പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യമായത്. കലാഭവൻ ഷാജോണും ചന്ദുനാഥും ഹരീഷ് ഉത്തമനും മറ്റ് അഭിനേതാക്കളും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. 10ൽ 8.7 ആണ് ചിത്രത്തിന് ഐ.എം.ഡി.ബി നൽകിയിരിക്കുന്ന റേറ്റിംഗ്. 5ൽ നാലാണ് ടൈംസ് ഒഫ് ഇന്ത്യ നൽകിയിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ 91 ശതമാനം ലൈക്കുകളാണ് ചിത്രം നേടിയിരിക്കുന്നത്.