തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ സംസ്ഥാന സർക്കാരിന് അദാനിയെ പിന്തുണയ്ക്കുന്ന നയമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ . മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഐക്യദാർഢ്യ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന് പിടിവാശിയാണെന്നും സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കോൺഗ്രസും യു.ഡിഎഫും മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് അഡോൾഫ് മുറായിസ്, ജില്ലാ പ്രസിഡന്റ് ജയ്സൺ, കോൺഗ്രസ് നേതാക്കളായ എൻ.ശക്തൻ, വി.എസ്.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.