adani

കൊച്ചി: ഫോബ്‌സിന്റെ ഈവർഷത്തെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക്. 2021ൽ ആസ്‌തിയിൽ മൂന്നിരട്ടിയും ഈവർഷം ഇരട്ടിയും വളർച്ചയുമായി 15,​000 കോടി ഡോളറാണ് (12.35 ലക്ഷം കോടി രൂപ)​ അദാനിയുടെ ആസ്‌തി.

റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി രണ്ടാമതാണ്; ആസ്‌തി 8,​800 കോടി ഡോളർ (7.24 ലക്ഷം കോടി രൂപ)​. ഫാഷൻ, റീട്ടെയിൽ കമ്പനിയായ ഡി-മാർട്ടിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ രാധാകിഷൻ ധമാനിയാണ് 2,760 കോടി ഡോളറുമായി (2.27 ലക്ഷം കോടി രൂപ) മൂന്നാമത്.

$80,000 കോടി

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെയും സംയുക്ത ആസ്‌തി 80,​000 കോടി ഡോളറാണ് (65.89 ലക്ഷം കോടി രൂപ)​. ഈവർഷത്തെ വർദ്ധന 2,​500 കോടി ഡോളർ (2.05 ലക്ഷം കോടി രൂപ)​.

$6,​200 കോടി

ഗൗതം അദാനിയുടെ ആസ്‌തി മുകേഷ് അംബാനിയേക്കാൾ 6,​200 കോടി ഡോളർ അധികമാണ് (5.10 ലക്ഷം കോടി രൂപ)​.

5 പേർ മലയാളികൾ

ഫോബ്‌സ് ഇന്ത്യ-2022 സമ്പന്ന പട്ടികയിൽ ഇടംപിടിച്ചത് അഞ്ചുപേരാണ്; 2021ൽ 10 പേരുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തന്നെയാണ് ഇക്കുറിയും ഒന്നാമത്. ആസ്‌തി 540 കോടി ഡോളർ (44,​478 കോടി രൂപ)​.

മുത്തൂറ്റ് കുടുംബമാണ് രണ്ടാമത്,​ ആസ്‌തി 405 കോടി ഡോളർ (33,​358 കോടി രൂപ)​. ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ (360 കോടി ഡോളർ/29,​652 കോടി രൂപ)​,​ ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് (310 കോടി ഡോളർ/25,​533 കോടി രൂപ)​,​ ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഗോപാലകൃഷ്‌ണൻ (305 കോടി ഡോളർ/25,​121 കോടി രൂപ)​ എന്നിവരാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.

ഇന്ത്യൻ സമ്പന്ന പട്ടികയിൽ മലയാളികളുടെ സ്ഥാനം:

 എം.എ.യൂസഫലി : 35

 മുത്തൂറ്റ് കുടുംബം : 45

 ബൈജു രവീന്ദ്രൻ : 54

 ജോയ് ആലുക്കാസ് : 69

 എസ്. ഗോപാലകൃഷ്‌ണൻ : 71

ജോയ് ആലുക്കാസ്

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജുവലർ ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസാണ്.