exports

കൊച്ചി: കയറ്റുമതിയിൽ നേട്ടം തുടരുമ്പോഴും വ്യാപാരക്കമ്മി കുത്തനെ കൂടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. സെപ്തംബൽ കയറ്റുമതി 4.82 ശതമാനം ഉയർന്ന് 3,​545 കോടി ഡോളറിലെത്തി. ഇറക്കുമതി 8.66 ശതമാനം വർദ്ധിച്ച് 6,​161 കോടി ഡോളറാണ്. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞമാസം 2,​571 കോടി ഡോളറായി ഉയർന്നു. 2021 സെപ്തംബറിൽ ഇത് 2,​247 കോടി ഡോളറായിരുന്നു.

എൻജിനിയറിംഗ്,​ റെഡി-മെയ്ഡ് വസ്ത്രങ്ങൾ,​ പ്ളാസ്‌റ്റിക്,​ കശുഅണ്ടി,​ കാർപ്പറ്റ് എന്നിവ കഴിഞ്ഞമാസം കയറ്റുമതിനഷ്‌ടം നേരിട്ടത് തിരിച്ചടിയായി. എൻജിനിയറിംഗ് ഉത്‌പന്ന കയറ്റുമതി നഷ്‌ടം 10.85 ശതമാനമാണ്. റെഡി-മെയ്‌ഡ് വസ്‌ത്രങ്ങളുടെ നഷ്‌ടം 18 ശതമാനം. ജെം ആൻഡ് ജുവലറി,​ പെട്രോളിയം ഉത്‌പന്നങ്ങൾ,​ ലെതർ,​ ഫാർമ,​ കെമിക്കൽ,​ അരി എന്നിവ കയറ്റുമതി വളർച്ചനേടി.

നഷ്‌ടത്തിലായി ക്രൂഡ്,​

സ്വർണം ഇറക്കുമതി

സെപ്തംബറിൽ ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി 5.38 ശതമാനം കുറഞ്ഞ് 1,590 കോടി ഡോളറായി. 24.62 ശതമാനം താഴ്‌ന്ന് സ്വർണ ഇറക്കുമതി 390 കോടി ഡോളറിലുമെത്തി. ഇവ ഇടിഞ്ഞില്ലായിരുന്നെങ്കിൽ വ്യാപാരക്കമ്മി കഴിഞ്ഞമാസം കൂടുതൽ ഉയരുമായിരുന്നു.