stocks

കൊച്ചി: നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തുടർച്ചയായി പലിശനിരക്ക് കുത്തനെ കൂട്ടുകയാണ്. കഴിഞ്ഞമാസം 21നും അടിസ്ഥാന പലിശനിരക്ക് 0.75 ശതമാനം കൂട്ടി. അന്നുമുതൽ ഇതുവരെ വിദേശ ധനകാര്യസ്ഥാപനങ്ങൾ (എഫ്.ഐ.ഐ) ഇന്ത്യൻ ഓഹരിവിപണിയിൽ നിന്ന് പിൻവലിച്ച നിക്ഷേപമാകട്ടെ 27,400 കോടി രൂപയും.

2022ൽ ഇതുവരെ ജൂലായിലും ആഗസ്‌റ്റിലുമൊഴികെ എല്ലാമാസങ്ങളിലും എഫ്.ഐ.ഐ നിക്ഷേപമിടിഞ്ഞു. ഈവർഷം ഇതുവരെ നഷ്‌ടപ്പെട്ടത് 1.76 ലക്ഷം കോടി രൂപ. സെപ്തംബർ 21ന് ശേഷം ഇതുവരെ വിദേശ നിക്ഷപനഷ്‌ടം മൂലം സെൻസെക്‌സ് നേരിട്ട ഇടിവ് 1,500 പോയിന്റാണ്. ഐ.ടി., ഓയിൽ ആൻഡ് ഗ്യാസ്, ലോഹം, ധനകാര്യം, റിയാൽറ്റി, ഊർജ വിഭാഗങ്ങളിൽ നിന്നാണ് ഏറ്റവുമധികം എഫ്.ഐ.ഐ നിക്ഷേപം കൊഴിഞ്ഞത്. 9,200 കോടി രൂപ കൊഴിഞ്ഞ ഐ.ടി വിഭാഗമാണ് മുന്നിൽ.

കൊഴിയുന്ന നിക്ഷേപം

ഈമാസവും വിദേശനിക്ഷേപം ഇടിയുകയാണ്. കഴിഞ്ഞ 5 വ്യാപാരസെഷനുകളിൽ ഇന്ത്യൻ ഓഹരിവിപണിയിൽ നിന്ന് കൊഴിഞ്ഞ വിദേശനിക്ഷേപം: (തുക കോടിയിൽ)

 ഒക്‌ടോബർ 10 : ₹3,908

 11 : ₹765

 12 : ₹3,761

 13 : ₹1,636

 14 : ₹1,011

എസ്.ഐ.പിയിൽ മികച്ചതിളക്കം

ഓഹരിവിപണി സമ്മർദ്ദത്തിന്റെ ട്രാക്കിലാണെങ്കിലും മ്യൂച്വൽഫണ്ട് എസ്.ഐ.പി വഴിയുള്ള നിക്ഷേപം കൂടുന്നത് ആശ്വാസമാകുന്നുണ്ട്. നടപ്പുവർഷം (2022-23) സെപ്തംബർ വരെയുള്ള ആറുമാസക്കാലത്ത് സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാൻ (എസ്.ഐ.പി) വഴി 74,230 കോടി രൂപ നിക്ഷേപമെത്തി. 2021ലെ സമാനകാലത്ത് 56,451 കോടി രൂപയായിരുന്നു. ഈമാസം ഇതുവരെ എത്തിയത് എക്കാലത്തെയും ഉയരമായ 12,976 കോടി രൂപ. തവണകളായി നിക്ഷേപിക്കാവുന്ന പദ്ധതിയാണ് എസ്.ഐ.പി.