തിരുവനന്തപുരം: 66ാമത് ജില്ലാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 378 പോയിന്റോടെ ഓവറാൾ കിരീടം സ്വന്തമാക്കി ജി.വി. രാജ സ്‌പോർട് സ്‌കൂൾ. 172 പോയിന്റോടെ ശ്രീഅയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വെള്ളായണി രണ്ടാമതും 96 പോയിന്റുമായി കേരള സർവകലാശാല സ്‌പോർട്സ് ഹോസ്റ്റൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമ്മാനദാന ചടങ്ങ് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കായികമേഖലയ്‌ക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരെയും വിജയിച്ചവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആൺകുട്ടികളുടെ അണ്ടർ 20 വിഭാഗത്തിൽ 100,200 മീറ്റർ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച അരുൺരാജ്, അണ്ടർ 18 വിഭാഗത്തിൽ 400 മീറ്റർ ഹർഡിൽസിൽ തിളങ്ങിയ അർജ്ജുൻ കിഷോർ എന്നിവരെ മികച്ച അത്‌ലറ്റുകളായി തിരഞ്ഞെടുത്തു. ഇരുവരും ജി.വി.രാജ സ്‌പോർട്സ് സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
ആൺകുട്ടികളുടെ അണ്ടർ 10 വിഭാഗത്തിൽ പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളും പെൺകുട്ടികളുടെ അണ്ടർ 10 വിഭാഗത്തിൽ വെള്ളായണി ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌കൂളും ജേതാക്കളായി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 16,18 വിഭാഗങ്ങളിൽ ജി.വി.രാജ സ്‌കൂൾ ജേതാക്കളായി. സമ്മാനദാന ചടങ്ങിൽ ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. കെ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ സെക്രട്ടറി കെ. രാമചന്ദ്രൻ, കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ.കെ.എ. റസിയ, യൂത്ത് അഫയേഴ്സ് അഡി. ഡയറക്ടർ സീന എന്നിവർ പങ്കെടുത്തു.