തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറായ തിക്കുറിശ്ശിക്ക് അർഹതപ്പെട്ട ബഹുമതി ലഭിക്കാത്തതിൽ കുറ്റബോധമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി . തിക്കുറിശ്ശി സുകുമാരൻ നായരുടെ 106-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.തിക്കുറിശ്ശി ഫൗണ്ടേഷന്റെ കലാ ,സാംസ്കാരിക വിഭാഗമായ 'സുകുമാരകല'യുടെ ഉദ്ഘാടനവും സുകുമാരകല മാസികയുടെ ലോഗോ പ്രകാശനവും മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.

രാജൻ വി.പൊഴിയൂർ രചിച്ച് ഡോ.വാഴമുട്ടം ചന്ദ്രബാബു സംഗീതം നൽകി ആലപിച്ച തിക്കുറിശ്ശി അനുസ്മരണ ഗാനത്തിന്റെ പ്രകാശനം നടന്നു. തിക്കുറിശ്ശി ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യു സോമതീരം അദ്ധ്യക്ഷനായി. സെക്രട്ടറി രാജൻ വി.പൊഴിയൂർ സ്വാഗതം പറഞ്ഞു. 'ഹെംലോക്ക് ട്രീ' എന്ന പുസ്തകത്തിന്റെ പ്രകാശനം വി.ശിവൻകുട്ടി നിർവ്വഹിച്ചു. സംവിധായകൻ ബാലു കിരിയത്ത് , ക്യാമറാമാൻ വിപിൻ മോഹൻ എന്നിവർ തിക്കുറിശ്ശി അനുസ്മരണം നടത്തി. പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജ രാജ വർമ്മ , സാഹിത്യകാരൻ കെ.സുദർശനൻ, ഡോ.ജി. രാജേന്ദ്രൻ പിള്ള, സുരേന്ദ്രൻ കുര്യാത്തി എന്നിവർ സന്നിഹിതരായിരുന്നു.

അനന്തപുരം രവി(നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആദരവ് ), സലിൻ മാങ്കുഴി( മികച്ച കഥാസമാഹാരം), രാജീവ് ജി.ഇടവ(മികച്ച നോവൽ), രമേഷ് ബിജു ചാക്ക (മികച്ച ചലച്ചിത്രഗ്രന്ഥം), അനിൽ ചേർത്തല ( മികച്ച ചരിത്രനോവൽ), ഋതുപർണ്ണ.ആർ( മികച്ച കുറ്റാന്വേഷണ നോവൽ), എൻ.ആർ.സി നായർ( മികച്ച ശാസ്ത്ര ഗ്രന്ഥം), നഥാൻ വി.ഫെലിക്സ്(മികച്ച കുട്ടികളുടെ ഗ്രന്ഥം) എന്നിവരാണ് പുരസ്കാരങ്ങൾ നേടിയത്. മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്കാരം വിനോദ് വൈശാഖിക്കുവേണ്ടി ഭാര്യ പ്രീത എസ്സും മികച്ച നാടകഗ്രന്ഥത്തിനുള്ള പുരസ്കാരം ജിഷ അഭിനയയ്ക്കുവേണ്ടി ദേശാഭിമാനിയിലെ അനിൽകുമാറും ഏറ്റുവാങ്ങി.