 ജില്ലയിൽ നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം: നിറുത്താതെ പെയ്‌ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. കിളളിപ്പാലം,കണ്ണമ്മൂല, കുര്യാത്തി,ബണ്ട് റോഡ്, അട്ടക്കുളങ്ങര,തൃക്കണ്ണാപുരം,സത്യൻനഗർ തുടങ്ങി നഗരത്തിന്റെ മിക്ക പ്രദേശങ്ങളിലും രൂക്ഷമായ വെളളക്കെട്ടാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാദ്ധ്യത.കനത്ത മഴയിൽ കരമനയാറിലെയും കിള്ളിയാറിലെയും ജലനിരപ്പ് ഉയർന്നു. ജില്ലയിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ തോരാതെ പെയ്‌ത കനത്തമഴയിൽ നഗരത്തിലെ ഗതാഗതം താറുമാറായി. ട്രാഫിക്ക് സിഗ്നലുകൾ പലയിടത്തും പണിമുടക്കി. പൊലീസുകാർ പാടുപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. കണ്ണമ്മൂല അയ്യങ്കാളി റോഡിന്റെ വശത്തുള്ള പലവീടുകളുടെയും മുറ്റത്ത് വെള്ളം കെട്ടിയതോടെ താമസക്കാർ വീടിനുള്ളിൽ കുടുങ്ങി. റോഡിന്റെ വശത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഏത് നിമിഷവും നിറഞ്ഞ് കവിയുമെന്ന നിലയിലാണ്. മഴ പെയ്‌താൽ വീടാകെ വെള്ളം കയറാറുണ്ടെന്നും ഇതുകാരണം മകൾക്ക് ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും പ്രദേശവാസിയായ ജയന്തി പറയുന്നു. കുടിവെള്ള പൈപ്പ്ലൈനിനു വേണ്ടി റോഡ് പൊളിച്ചതിനൊപ്പം മഴയും പെയ്തതോടെ അയ്യങ്കാളി റോഡ് ചെളിക്കുളമായി. അട്ടക്കുളങ്ങര ബൈപ്പാസിലും കരിമഠം കോളനിയിലും വെള്ളക്കെട്ട് രൂക്ഷമായി. ബൈപ്പാസിൽ നിന്ന് കരിമഠം കോളനിയിലേക്ക് പോകുന്ന റോഡ് മുട്ടറ്റം വെള്ളത്തിൽ മുങ്ങി.വശങ്ങളിൽ തള്ളിയിരുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം പൊതുവഴിയിലേക്ക് ഒഴുകിയെത്തി. ഈ വെള്ളക്കെട്ടും മാലിന്യങ്ങളും താണ്ടിയാണ് കോളനിക്ക് സമീപമുള്ള അങ്കണവാടിയിലേക്കും നഗരസഭയുടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കും പലരും എത്തിയത്. കോളനിക്കകത്തെ മാലിന്യക്കുളത്തിൽ വെള്ളം പൊങ്ങിയതോടെ കൊതുകും ദുർഗന്ധവും അസഹനീയമായി. കരമന പാലത്തിൽ വെള്ളം കെട്ടിയത് അതുവഴിയുള്ള യാത്രയും ദുസഹമാക്കി. ഉപ്പിടാംമൂട് പാലത്തിൽ നിന്ന് ആയുർവേദ കോളേജിലേക്ക് പോകുന്ന റോഡിലും വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.