
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയത്തിൽ സർക്കാർ രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന വിശ്വാസത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ 18 ദിവസം നീണ്ട നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചതായി സാമൂഹ്യപ്രവർത്തക ദയാബായി അറിയിച്ചു. സമരം വിജയിച്ചാൽ മുടി മുറിയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ദയാബായി സമരപ്പന്തലിൽവച്ച് അതു ചെയ്താണ് സമരം അവസാനിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കരിക്കിൻ വെള്ളം നൽകി. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദയാബായി സമരപ്പന്തലിൽ എത്തിയാണ് പ്രഖ്യാപനം നടത്തിയത്.
സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കരീം ചൗക്കി, ഫറീന കോട്ടപ്പുറം എന്നിവർ മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോർജ് എന്നിവരുമായി ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലെത്തി ചർച്ച നടത്തിയിരുന്നു. തുടർന്ന് മന്ത്രിമാർ ഉച്ചയോടെ ജനറൽ ആശുപത്രിയിലെത്തി ദയാബായിക്ക് വ്യക്തത വരുത്തിയ തീരുമാനങ്ങൾ രേഖാമൂലം കൈമാറി. ശേഷം 2.30ന് ദയാബായി സമരപ്പന്തലിൽ എത്തുകയായിരുന്നു.
ഭരണപക്ഷത്തെ വിമർശിക്കാനുള്ള ആയുധമായി സമരത്തെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ഇന്നലെ ദയാബായിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
രേഖാമൂലം നൽകിയ ഉറപ്പുകൾ
എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാസർകോട് ഗവ.മെഡി.കോളേജ്, ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്ക് മുൻഗണന
ടാറ്റാ ആശുപത്രിയും കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും പൂർണ്ണമായി സജ്ജമാകുന്ന മുറയ്ക്ക് ഇവിടങ്ങളിലും മുൻഗണന
ഒരു വർഷത്തിനുള്ളിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളൊരുക്കി ന്യൂറോചികിത്സാ വിഭാഗം വിപുലീകരിക്കും
കാസർകോട് മെഡി.കോളേജിന്റെ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും
ഗ്രാമപഞ്ചായത്ത് /നഗരസഭകളിലും ബഡ്സ് സ്കൂളുകളിലും പരിചരണത്തിന് പ്രത്യേക സംവിധാനമൊരുക്കും
ദുരിതബാധിതരെ കണ്ടെത്താൻ രണ്ട് മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചാൽ പരിശോധിച്ച് അഞ്ച് മാസത്തിനകം മെഡിക്കൽ ക്യാമ്പുകൾ നടത്തും
''സമരം താത്കാലികമായാണ് അവസാനിപ്പിച്ചത്. നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. എയിംസിനായുള്ള പോരാട്ടം തുടരും.
-ദയാബായി