തിരുവനന്തപുരം: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റും ഗ്ലൗസും വാങ്ങിയതിലൂടെ സർക്കാർ നടത്തിയത് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്ര് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ചാണ് മാർച്ചിനെത്തിയത്.
കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അഴിമതിയുടെ ചുരുളഴിയുകയാണ്. സർക്കാരിന്റേത് പുരകത്തുമ്പോൾ വാഴവെട്ടുന്ന പരിപാടിയാണെന്നും മുഖ്യമന്ത്രിയെക്കൂടി പ്രതിചേർക്കണമെന്നാണ് കെ.കെ. ശൈലജ പറഞ്ഞുവച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് മാർച്ചിന് അദ്ധ്യക്ഷത വഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും ഷാഫി പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.