തിരുവനന്തപുരം: തസ്നീമിന്റെയും ഭർത്താവ് കമാൽ റാഫിയുടെയും മരണമറിഞ്ഞ് നടുക്കത്തിലാണ് കമലേശ്വരം വലിയവീട് ലെയ്നിലെ താമസക്കാർ. ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പലർക്കും അറിയാമെങ്കിലും സംഭവമറിഞ്ഞ ഞെട്ടൽ വിട്ടുമാറിയിട്ടില്ല ഇവർക്ക്. ക്രെസന്റ് അപ്പാർട്ട്മെന്റിലെ മറ്റ് ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സംഭവമറിഞ്ഞ ഭയപ്പാടിലാണ്.

തസ്നീമും റാഫിയും ഏറെ നാളായി പിണങ്ങിക്കഴിയുകയായിരുന്നെങ്കിലും അടുത്തുള്ള ബന്ധുവീട്ടിൽ താമസിച്ചിരുന്ന തസ്നീം മൂത്തമകൻ ഖലീഫയ്ക്ക് ആഹാരം പാകം ചെയ്യാനായി സ്ഥിരമായി കമാലിന്റെ ഫ്ലാറ്റിൽ വരുമായിരുന്നു.

ഇന്നലെ രാവിലെയും തസ്നീം പതിവുപോലെ എത്തിയതാണിവിടെ. വൈകിട്ട് ഖലീഫ് കോളേജ് കഴിഞ്ഞ് വീട്ടിലെത്തി വാതിലിൽ മുട്ടിയെങ്കിലും തുറക്കാത്തതിനാൽ ബന്ധുക്കളെയും പൊലീസിനെയും വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് തസ്നീം നിലത്ത് കൊല്ലപ്പെട്ട നിലയിലും കമാൽ റാഫി ജനാലയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടത്. ഇരുവരും തമ്മിൽ സംഘർഷമുണ്ടായതായി പൊലീസ് സംശയിക്കുന്നു. അടുക്കളയിൽ ചോറ് ഉണ്ടാക്കി വച്ചിരിക്കുന്നതായും കൊലപാതകം സംഭവം ഉച്ചയ്ക്ക് ആകാമെന്നും പൊലീസ് പറഞ്ഞു.