
* പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല
തിരുവനന്തപുരം: പട്ടികജാതി പെൺകുട്ടികളുടെ ക്ഷേമത്തിന് പട്ടികജാതി വികസന വകുപ്പും എൽ.ഐ.സിയും സംയുക്തമായി നടപ്പാക്കിയ വാത്സല്യനിധി ഇൻഷ്വറൻസ് പദ്ധതിയിൽ മാസങ്ങളായി അപേക്ഷ സ്വീകരിക്കുന്നില്ല. എൽ.ഐ.സി വിട്ടുനിൽക്കുന്നതാണ് കാരണം.
ഗുണഭോക്താവ് ഒരു കാശും മുടക്കാതെ കുട്ടിയുടെ ആരോഗ്യ പരിരക്ഷയും പഠനമികവും ഉറപ്പാക്കാൻ 2017ൽ ആരംഭിച്ചതാണ് വാത്സല്യനിധി. 14,000 പേർ പോളിസി ഉടമകളായി. എന്നാൽ, പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് ഇപ്പോൾ ബ്ലോക്ക് ചെയ്തിരിക്കയാണ്.
വിദ്യാഭ്യാസ ആനുകൂല്യങ്ങളും രക്ഷിതാവ് മരിച്ചാലുള്ള ഇൻഷ്വറൻസ് പരിരക്ഷയും കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന,ശിക്ഷാ സഹയോഗ് യോജന, സുരക്ഷാ ബീമാ യോജന എന്നിവയിലൂടെയാണ് നൽകിയിരുന്നത്. എന്നാൽ ശിക്ഷാ സഹയോഗ് യോജന കേന്ദ്രം പിൻവലിച്ചു. ജീവൻ ജ്യോതി ബീമയോജനയുടെയും സുരക്ഷാ ബീമയോജനയുടെയും വിതരണം ബാങ്കിലൂടെ മാത്രമാക്കി. തുടർന്ന് എൽ.ഐ.സി വിട്ടുനിൽക്കാൻ നിർബന്ധിതരായി.
പ്രചാരണം കുറവായതിനാൽ അപേക്ഷകരുടെ എണ്ണം വർദ്ധിക്കാത്തത് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടയിലാണ് രജിസ്ട്രേഷൻ തന്നെ നിലച്ചത്.
18 തികയുമ്പോൾ
മൂന്ന് ലക്ഷം
* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യം
* മാതാപിതാക്കളുടെ വാർഷിക വരുമാനം ഒരുലക്ഷത്തിൽ കവിയരുത്. 2017 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ചവരാവണം
* 1,38,000 രൂപ നാല് ഗഡുക്കളായി സർക്കാർ പെൺകുട്ടിയുടെ പേരിൽ എൽ.ഐ.സിയിൽ നിക്ഷേപിക്കും
* 18 തികയുമ്പോൾ മൂന്ന് ലക്ഷം ലഭിക്കും. വിദ്യാഭ്യാസ ആനുകൂല്യം, ആകസ്മിക മരണസഹായം പുറമേ
പ്രശ്‌നം പരിഹരിക്കാൻ വിവിധ ബാങ്കുകളുമായും എൽ.ഐ.സിയുമായും ചർച്ചകൾ നടത്തുകയാണ്. പദ്ധതിയിൽ നിന്ന് പിൻമാറുന്നില്ല. വൈകാതെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു.
- പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ്