തിരുവനന്തപുരം: സ്കൂൾ പരിസരത്ത് ഏറ്റവും നല്ല പരിസ്ഥിതി സൗഹൃദ ഉദ്യാനം ഒരുക്കിയതിന് മുതിർന്ന പൗരന്മാരുടെ സംഘടനയായ റോയൽ ട്രീറ്റ് ഫൗണ്ടേഷന്റെ (ആർ.ടി.എഫ്) സുഗതകുമാരി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ചാല ഗവ.ഹയ‌ർസെക്കൻഡറി സ്കൂൾ നേടി. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഗൗരി ലക്ഷ്മി ബായി ചാല സ്കൂൾ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ മിനിക്ക് ട്രോഫിയും കാഷ് അവാർഡും കൈമാറി. റോയൽ ട്രീറ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് സ്കൂളുകളെ അണിനിരത്തി മത്സരങ്ങൾ നടത്തിയത്. വഴുതക്കാട് ഗവ.ഡെഫ് ആൻഡ് ഡമ്പ് സ്കൂൾ രണ്ടാം സ്ഥാനം നേടി. ഫൗണ്ടേഷൻ പ്രസിഡന്റ് ജയകുമാർ തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിദ്ധ്യ സമിതി ചെയർപേഴ്സൺ ഡോ.സി.ജോർജ്ജ് തോമസ്,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്.ശ്രീകുമാ‌ർ, ആർ.ടി.എഫ് എർത്ത് ആക്ഷൻ ടീം കൺവീനർ ജാസ്പ‌ർ ലാൽ, രവീന്ദ്രനാഥൻ, പത്മിനി തുടങ്ങിയവർ സംസാരിച്ചു.