
പാർലമെന്റിലെത്തി ഏഴുകൊല്ലത്തിനകം ഋഷി സുനക്ക് ലണ്ടനിലെ ഡൗണിംഗ് തെരുവിലെ പത്താംനമ്പർ വീട്ടിലെ അന്തേവാസിയാകുന്നു. രണ്ടുനൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായംകുറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി, വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രി, ബ്രിട്ടന്റെ ആധുനിക ചിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി. നാല്പത്തിരണ്ടാമത്തെ വയസിൽ അതായത് നമ്മുടെ നാട്ടിലെ യൂത്തന്മാരുടെ പ്രായത്തിൽ ബ്രിട്ടന്റെ ഭരണസാരഥ്യത്തിലെത്തിയ സുനകിന് അവകാശപ്പെടാൻ നേട്ടങ്ങളേറെ. വലിയൊരു പരിധിവരെ ആ രാജ്യത്തിന്റെ മത-വംശ സമത്വ ജനാധിപത്യത്തിന്റെ പ്രതിനിധി കൂടിയാണ് സുനക്. കൂട്ടത്തിൽ സാഹചര്യങ്ങൾ അവിശ്വസനീയമായ രീതിയിൽ മാറിമറിഞ്ഞ്, ആഴ്ചകൾക്ക് മുമ്പ് സ്വന്തം പാർട്ടിക്കാരായ ടോറികൾ തന്നെ നേതൃമത്സരത്തിൽ തോൽപ്പിച്ച ഋഷിക്ക് അനുകൂലമായി എന്നതും മറക്കുന്നില്ല. തീവ്ര വലതുപക്ഷക്കാരിയായ ലിസ് ട്രസ് പരീക്ഷിച്ച്, ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പരിക്ഷീണമാക്കിയ, ബ്രിട്ടീഷ് സാമ്പത്തിക രംഗത്തിന് ആശ്വാസമേകുക എന്ന ഉത്തരവാദിത്വമാണ് മുൻ ധനകാര്യ ചാൻസലറായ സുനകിൽ നിന്ന് പാർട്ടിയും ജനവും പ്രതീക്ഷിക്കുന്നത്. ചാൻസലറായിരുന്നപ്പോൾ, സുനക് നടപ്പാക്കിയ, സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് പോലും 80 ശതമാനം വരെ ശമ്പളം നൽകിയ ഫർലോഗ്, ജനത്തെ റസ്റ്റാറന്റുകളിലെത്തിച്ച EAT OUT TO HELP OUT തുടങ്ങിയ കോടിക്കണക്കിന് പൗണ്ടുകളുടെ പാക്കേജുകൾ കൊവിഡ്ബാധ തളർത്തിയ ബ്രിട്ടന് വലിയ ആശ്വാസമായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ ഇന്ത്യവിട്ട് കിഴക്കൻ ആഫ്രിക്കയിലൂടെ ആറ് പതിറ്റാണ്ടുകൾക്ക് മുൻപേ ബ്രിട്ടനിലെത്തിയ കുടുംബത്തിലെ അംഗമായ ഋഷി സുനക് എത്രത്തോളം ഇന്ത്യനാണെന്ന അളവെടുപ്പിന് സാംഗത്യം പോയിട്ട് ഔചിത്യം പോലുമുണ്ടെന്ന് കരുതുകവയ്യ. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യവുമായി പൊതുവെ നല്ലബന്ധം കാംക്ഷിക്കുന്ന ബ്രിട്ടന്റെ ഇന്ത്യ ബന്ധങ്ങളിൽ അധികം ഊഷ്മളതയും പ്രതീക്ഷിക്കേണ്ട. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടത്തിലെ രത്നമായിരുന്ന ഇന്ത്യൻ കോളനിയിൽ വേരുകളുള്ള, തീവ്ര ബ്രെക്സിറ്റ് അനുഭാവിയായ ഒരാൾ തങ്ങളെ നയിക്കുന്നതിൽ ഭൂരിഭാഗം ബ്രിട്ടീഷുകാർക്കും അത്ഭുതമോ, ആശങ്കയോ, ചരിത്രത്തിന്റെ തിരിച്ചടി തുടങ്ങിയ തോന്നലുകളോ ഉള്ളതായും തോന്നുന്നില്ല.
സ്വാതന്ത്ര്യത്തിന് പാകമാകാത്ത ഇന്ത്യയ്ക്ക് അത് നൽകിയാൽ കടുത്ത അരാജകത്വവും ആഭ്യന്തരകലാപങ്ങളുമാകും ഫലം എന്ന് വാദിച്ച ചർച്ചിലിന്റെ 'യാഥാസ്ഥിക'രുടെ പാർട്ടിയാണ്, ഒരു ഇന്ത്യൻ വംശജനെ നേതൃസ്ഥാനത്തേക്ക് എത്തിച്ചത് എന്നതാണ് പ്രസക്തം. ഒരുകാലത്ത് തീവ്ര വലതുപക്ഷക്കാരുടെയും കുടിയേറ്റ വിരുദ്ധരുടെയും വംശവെറിയന്മാരുടെയും പാളയമായിരുന്ന ടോറി പാർട്ടിക്ക് വന്ന മാറ്റത്തിന്റെ സൂചന കൂടിയാണ് സുനകിന്റെ സ്ഥാനലബ്ധി. പാർട്ടി അണികൾക്കിടയിൽ ഇന്നും ഇത്തരക്കാരാണ് ഭൂരിപക്ഷമെന്ന് വാദിക്കാമെങ്കിലും, നേതൃനിരയിലെത്തുന്നവരുടെ വർണ-വംശ- മത വൈവിദ്ധ്യം മഴവില്ലുപോലെ തെളിഞ്ഞുനിൽക്കുന്നു. 2010 ലെ തിരഞ്ഞെടുപ്പിൽ കാമറൂണിന്റെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിൽ വന്നതിനു കാരണവും ധാരാളം ന്യൂനപക്ഷ - വനിതാ സ്ഥാനാർത്ഥിത്വമാണെന്നു പറയാം. പരമ്പരാഗതമായി ലേബറിന് വോട്ടുനൽകിയിരുന്ന വലിയൊരു വിഭാഗത്തെ തങ്ങളിലേക്ക് ആകർഷിക്കാൻ ഇതുമൂലം കൺസെർവേറ്റീവ് പാർട്ടിക്ക് കഴിഞ്ഞു. 2015 ലെ തിരഞ്ഞെടുപ്പിൽ തുടക്കക്കാരനായ ഋഷി സുനകിനെ സ്ഥാനാർത്ഥിയാക്കിയത് നൂറുകൊല്ലത്തിലധികമായി കൺസെർവേറ്റീവ് പാർട്ടിയുടെ കുത്തകയായ റിച്ച്മണ്ട് എന്ന മണ്ഡലത്തിലും. തികഞ്ഞ ഉദാരവാദിയും നയങ്ങളിൽ കടുത്ത യാഥാസ്തികയുമായ ലിസ് ട്രസിന്റെ മന്ത്രിസഭയിൽ സാമ്പത്തിക, വിദേശ, ആഭ്യന്തരവകുപ്പുകൾ ഒക്കെ കൈകാര്യം ചെയ്തിരുന്നത് വെള്ളക്കാരായിരുന്നില്ല. ഇതൊന്നും രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പുവരെ കൺസെർവേറ്റീവ് പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന നയങ്ങളായിരുന്നില്ല. ചുരുക്കത്തിൽ കറുത്ത വർഗക്കാരുടെയും ഏഷ്യൻ കുടിയേറ്റക്കാരുടെയും ആശ്രയമായിരുന്ന ലേബർ പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച കാര്യങ്ങളാണ് കൺസെർവേറ്റുകൾ നടപ്പിലാക്കിയത്.
2010 മുതൽ തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകൾ വിജയിച്ച കൺസെർവേറ്റീവ് പാർട്ടിയെ ജനസമ്മതിയുടെ പാതാളത്തിലെത്തിച്ചാണ് ട്രസ് പടിയിറങ്ങിയത്. അതുകൊണ്ടുതന്നെയാണ് എം.പി മാർ ഇടക്കാല തിരഞ്ഞെടുപ്പ് ഭയന്ന് പാർലമെന്റ് കമ്മിറ്റിയുടെ അന്വേഷണത്തിന് വിധേയനാകുന്ന ബോറിസ് ജോൺസനെ അവഗണിച്ച് സാമ്പത്തിക വൈദഗ്ദ്ധ്യം തെളിയിച്ച സുനകിനെ പിന്തുണച്ചത്. ബ്രെക്സിറ്റ് രാജ്യത്തിന് ഏറ്റവും നേട്ടമാകുന്ന രീതിയിൽ നടപ്പിലാക്കുക എന്ന മുഖ്യ അജൻഡയിലാണ് 2019 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് ജനത ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസെർവേറ്റിവ് പാർട്ടിയെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത്. അത് വലിയ ബാദ്ധ്യതകൾ വരുത്താതെ നടപ്പിലാക്കിക്കഴിഞ്ഞെങ്കിലും കൊവിഡാനന്തര സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴലുമ്പോഴാണ് റഷ്യ യുക്രെയ്ൻ യുദ്ധം വരുത്തിവച്ച ഊർജ്ജക്ഷാമ പ്രതിസന്ധി ബ്രിട്ടനെ വലയ്ക്കുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടാൻ താമസം വരുത്താത്ത സ്വകാര്യകമ്പനികൾ ഈ പ്രതിസന്ധി മുതലെടുത്തതോടെ, സർക്കാരിന് വില നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. തണുപ്പുകാലത്തിന്റെ വരവോടെ ഊർജ്ജാവശ്യം പതിന്മടങ്ങായി. പൗണ്ടിന്റെ വിലയിടിഞ്ഞു, പണപ്പെരുപ്പം രണ്ടക്കത്തിൽ എത്തിയിരിക്കുന്നു. അന്തർദേശീയരംഗത്ത് യൂറോപ്പിനെ ആകെ രാഷ്ട്രീയമായും സാമ്പത്തികമായും ബാധിച്ചിരിക്കുന്ന, നീണ്ടുപോകുന്ന റഷ്യ യുക്രെയ്ൻ യുദ്ധം; ആഭ്യന്തരരംഗത്ത് ബ്രിട്ടനിൽനിന്ന് വിട്ടുപോകാൻ വീണ്ടും ഹിതപരിശോധനയ്ക്ക് മുറവിളി കൂട്ടുന്ന സ്‌കോട്ടിഷ് നാഷണൽ പാർട്ടി... അങ്ങനെ സുനക് നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ ബ്രിട്ടൺ കണ്ട മൂന്നാമത്തെ പ്രധാനമന്ത്രിക്ക് രാജ്യത്തെ സ്ഥിരതയുടെ പാളങ്ങളിലെത്തിക്കാൻ ഏറെ പണിപ്പെടേണ്ടിവരും. രണ്ടുകൊല്ലത്തിനു താഴെ മാത്രം അകലമുള്ള അടുത്ത പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ വിജയത്തിലെത്തിക്കേണ്ട ബാദ്ധ്യത വേറെ. അതിനു അദ്ദേഹത്തിന്റെ സാമ്പത്തികപാടവം മാത്രം മതിയാവില്ല. രാഷ്ട്രീയത്തിൽ വലിയ പരിചയമില്ലാത്ത സുനക് അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരുപക്ഷേ അതാവും. എന്തായാലും കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ ബ്രിട്ടൺ എന്ന അരങ്ങിൽ അരങ്ങേറിയ അബദ്ധങ്ങളുടെ ഹാസ്യനാടകം (comedy of errors) അവസാനിച്ചെന്ന് കരുതാം. വീണ്ടും ഷേക്സ്പിയറിലേക്ക്... നന്നായി അവസാനിക്കുന്നതെല്ലാം നല്ലത് (All's Well That End 's Well )