കോടികൾ വിലയുള്ള സർക്കാർ വക വസ്തുവകൾ നശിക്കുന്നു
തൊടുപുഴ: സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കാട് വളർന്ന് വനമായി മാറി, അറിയേണ്ടർ ഇതൊന്നും അറിയുന്നില്ല.ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിപ്പൊക്കിയ ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ റീജിയണൽ ഓഫീസാണ് അധികാരികൾ ആരും തിരിഞ്ഞ് നോക്കാതെ നാശത്തിലേക്ക് കൂപ്പു കുത്തുന്നത്. .കെ എം മാണി റവന്യു - ഭവന നിർമ്മാണ മന്ത്രിയായിരുന്നപ്പോഴാണ് ജില്ലാ നിർമ്മിതി കേന്ദ്രത്തിന് റീജിയണൽ ഓഫീസ് മുട്ടത്ത് വിഭാവനം ചെയ്തത്.നിർമ്മാണം പൂർത്തീകരിച്ച് 1991 ഡിസംബർ 17 ന് ഉദ്ഘാടന മാമാങ്കവും നടത്തി.കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, പൊതു മേഖലസ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ,സ്വകാര്യ മേഖല എന്നിവക്ക് വേണ്ടി ഏറ്റവും ചെലവ് കുറഞ്ഞ സാങ്കേതിക രീതിയിൽ പുതിയ കെട്ടിടങ്ങൾ സ്ഥാപിക്കൽ, നിലവിലുള്ള കെട്ടിടങ്ങൾ നവീകരിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ഓഫീസ് സജ്ജമാക്കിയത്.ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകൾ,തദ്ദേശ സ്ഥാപന പദ്ധതികൾ പ്രകാരമുള്ള നിർമ്മാണ പ്രവർത്തികൾ-നവീകരണം, തൊടുപുഴയിലുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം,വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വിവിധ നിർമ്മാണ പ്രവർത്തികൾ,കൂടാതെ ഏതാനും ചില സ്വകാര്യ മേഖലയിലെ പ്രവർത്തികൾ എന്നിങ്ങനെ നിരവധി പദ്ധതികൾ ഈ ഓഫീസിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.വിവിധ പദ്ധതികൾ ഏറ്റെടുത്ത് സ്ഥാപനത്തിന്റെ പ്രവർത്തനം ഏതാനും വർഷങ്ങൾ കൂടുതൽ കാര്യക്ഷമമായി നിലനിന്നിരുന്നു.എന്നാൽ കെടുകാര്യസ്ഥതമൂലം ഇവിടേക്ക് പുതിയ പദ്ധതികൾ എത്താത്ത അവസ്ഥയായി.പിന്നീട് ഇതിന്റെ പ്രവർത്തനം പൈനാവിലേക്ക് മാറ്റപ്പെട്ടു.ഇതോടെ മുട്ടത്തുള്ള കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ആരും തിരിഞ്ഞ് നോക്കാതെ ഇതിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു.കഴിഞ്ഞ ഏഴ് വർഷമായി ഈ കെട്ടിടം അടഞ്ഞ് കിടക്കുകയാണ്.ഇത് സംബന്ധിച്ചുള്ള മാദ്ധ്യമ വാർത്തകളെ തുടർന്ന് നിർമ്മിതിയുടെ മാതൃക പരിശീലന കേന്ദ്രം ഇവിടെ ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തി.എന്നാൽ മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.വാറ്റ് ചാരായതിന്റെ ഉത്പാദനം - കച്ചവടം,പണം വെച്ചുള്ള ചീട്ട് കളി,എന്നിവ നടക്കുന്ന ഇടമായി മാറി.
ഇനിയും കാത്തിരുന്നാൽ...
നിർമ്മിതി കേന്ദ്രത്തിന്റെ ജില്ലാ ഓഫീസാണെങ്കിലും സംസ്ഥാന നിർമ്മിതി വകുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന് അധികൃതർ പറഞ്ഞു.ജില്ലാ കളക്ടർ ചെയർ പേഴ്സണായ സ്റ്റാറ്റ്യൂട്ടറി സമിതിക്കാണ് ഇതിന്റെ പ്രവർത്തന ചുമതല.കെട്ടിടത്തിന്റെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച് കളക്ടറുടെ ഓഫീസ്,ജില്ലാ നിർമ്മിതി കേന്ദ്രം അധികൃതർ എന്നിവരെ നിരവധി പ്രാവശ്യം പ്രദേശവാസികൾ വിവരങ്ങൾ അറിയിച്ചിരുന്നു. ജില്ലയിലെ ചില സർക്കാർ ഓഫീസുകൾ ഓരോ വർഷവും ലക്ഷങ്ങൾ വാടക നൽകി സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് ജില്ലാ അധികാരികളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായത്.ഇനിയും കാത്തിരുന്നാൽ കെട്ടിടം നിലംപൊത്തുന്ന അവസ്ഥകൂടി കാണേണ്ടിവരും.