തൊടുപുഴ : പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണത്തിനിടയിൽ പഞ്ചായത്തിൽ നിന്നും ലഭിച്ച ധനസഹായത്തോടെ നിർമ്മിച്ച വീടിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തിൽ വീടിന് സംരക്ഷണഭിത്തി നിർമ്മിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) എക്‌സിക്യൂട്ടീവ് എനജിനിയർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. ഉപ്പുതോട് ചിറ്റടിക്കവല സ്വദേശിനി മേരി ജോസഫിന്റെ വീടിന് സംരക്ഷണഭിത്തി നിർമ്മിക്കാനാണ് ഉത്തരവ് നൽകിയത്. മരിയപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവർ റിപ്പോർട്ട് സമർപ്പിച്ചു. പ്രകാശ്- കരിക്കിന്മേട്- ഉപ്പുതോട് റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. റോഡിലെ കട്ടിംഗ് ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാൻ ഏപ്രിൽ 13ന് വർക്ക് ടെണ്ടർ ചെയ്തതായി പൊതുമരാമത്ത് വകുപ്പ് കമ്മിഷനെ അറിയിച്ചു. ഇതിനുവേണ്ടി കരാറും നൽകിയിട്ടുണ്ട്. നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിച്ച് വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. വീടിന് മുൻവശത്ത് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച റോഡിന് മുകൾഭാഗത്തുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്നും അതിനാൽ വീടിനും റോഡിന്റെ മണൽതിട്ടക്കുമായി ഒരു സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് അനിവാര്യമാണെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. എന്നാൽ സംരക്ഷണഭിത്തി നിർമ്മിക്കാൻ ഒരു നടപടിയും തുടങ്ങിയിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടർന്നാണ് ഉത്തരവ് പാസാക്കിയത്.