തൊടുപുഴ: വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഏറെ കാലതാമസം നേരിടുന്നതായി വ്യാപകമായ ആക്ഷേപം. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ നൂറുകണക്കിന് അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കുന്നവർക്ക് യഥാസമയം സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. നെറ്റിന്റെ തകരാറും അപേക്ഷകളുടെ ആധിക്യവുമാണ് കൃത്യ സമയത്ത് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാതെ വരുന്നതിന്റെ പ്രധാന കാരണം. ചില സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ നൽകണം. മറ്റ് ചിലത് അക്ഷയ പോലുള്ള കേന്ദ്രങ്ങളിലൂടെയുമാണ് അപേക്ഷിക്കേണ്ടത്. എന്നാൽ ഇത് സംബന്ധിച്ച് ജനങ്ങൾക്ക് കൃത്യമായ അറിവുമില്ല. വിദ്യാഭ്യാസ മേഖലയിൽ വിവിധ സ്കോളർഷിപ്പുകൾക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ ഓൺലൈൻ സംവിധാനത്തിലൂടെ അപക്ഷ കൊടുക്കാൻ ശ്രമിക്കുന്നത് സൈറ്റ് പൂർണ്ണമായും സ്തംഭിക്കാൻ കാരണമാകുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കും പഞ്ചായത്തിൽ ഹാജരാക്കാൻ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. പെൻഷൻ വാങ്ങുന്നവരും വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ എത്തുന്നുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് കഴിവതും വേഗം ലഭിച്ചെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഇത് ലഭിക്കാതായതോടെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലുമാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും വരുമാന സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്.
സെർവർ തകരാർ പതിവ്
സെർവറിന്റെ തകരാർ മൂലം പലപ്പോഴും സൈറ്റ് ലഭിക്കാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതോടെയാണ് ഓൺലൈൻ സംവിധാനം പതിവായി മൊത്തത്തിൽ തകരാറിലാകുന്നത്. സൈറ്റ് ലഭിക്കാതെ വരുന്നതോടെ അപേക്ഷകൾ തീർപ്പാക്കുന്നതും വൈകും.
ജോലി ഭാരവും കാരണം
വില്ലേജ് ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും അമിത ജോലി ഭാരവും യഥാസമയം അപേക്ഷകളിൽ തീരുമാനം എടുക്കാൻ തടസമാകുന്നുണ്ട്. നിത്യവുമുള്ള കളക്ട്രേറ്റ്, താലൂക്ക് എന്നിവിടങ്ങളിലെ മീറ്റിങ്ങുകൾ കാരണം അപേക്ഷകൾ കൃത്യമായി പരിശോധിച്ച് പരിഹാരം കാണാൻ സമയം ലഭിക്കാറില്ല. അടുത്തിടെയുണ്ടായ പ്രളയദുരിതവുമായി ബന്ധപ്പെട്ട് നിരവധിയായ അന്വേഷണങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കി നൽകേണ്ട ചുമതലയും വില്ലേജ് അധികൃതർക്കാണ്.