തൊടുപുഴ: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് വൈകിട്ട് നാലിന് നഗരസഭ ടൗൺഹാളിൽ നിർവ്വഹിക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് നഗരസഭ ബസ് സ്റ്റാന്റിൽ നിന്ന് എസ്.പി.സി.എ സംഘടിപ്പിക്കുന്ന റാലി ഗാന്ധി സ്‌ക്വയറിൽ അവസാനിക്കും. തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്‌ക്കാരിക സാമുദായിക സംഘടന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഗ്രന്ഥശാല സംഘടന പ്രവർത്തകർ, യുവജനസംഘടനാംഗങ്ങൾ, സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടനകളുടെ പ്രതിനിധികൾ, അധ്യാപക സർവ്വീസ് സംഘടന പ്രതിനിധികൾ, മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് പറഞ്ഞു.