പീരുമേട്: ദേശീയപാത 183ൽ മുണ്ടക്കയം മുതൽ കുമളി വരെയുള്ള പ്രദേശത്ത് കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളും കലങ്കുകളും സംരക്ഷണഭിത്തികളും പുനർനിർമ്മിക്കുന്നതിന് ആരംഭിച്ചു. 2021 ഒക്ടോബർ 16നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലിലും ദേശീയപാതയിൽ 35-ാം മൈലിനും കുട്ടിക്കാനത്തിനുമിടയിൽ കൊടികുത്തി, ചാമപ്പാറ, പെരുവന്താനം, നാല്പതാംമൈൽ, അമലഗിരി, പുല്ലുപാറ, കടുവാപ്പാറ, കുട്ടിക്കാനം, പട്ടുമല, 57-ാം മൈൽ, വാളാടി, സ്പ്രിങ്‌വാലി തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയതോതിൽ മണ്ണിടിച്ചിലിൽ റോഡും കലുങ്കും സംരക്ഷണഭിത്തിയും തകർന്നത്. ഒരു വർഷമായിട്ടും പണി തുടങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിലാണ് കരാറുകാരനെ കൊണ്ട് പണി നടത്തിക്കാൻ തീരുമാനമായത്. മണ്ഡലകാലത്തിനു മുമ്പായി പണികൾ പൂർത്തിയാക്കണമെന്നാണ് കർശന നിർദേശം നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ അപകട മുന്നറിയിപ്പ് നൽകിയിരുന്നത് ടാർ വീപ്പയും ചുവന്ന റിബണും കെട്ടിയാണ്. മണ്ഡലകാലം തുടങ്ങുന്നതോടെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടകരുടെ വൻ തിരക്കേറും. വലിയ ചരക്ക് വാഹനങ്ങളുൾപ്പെടെ ഇതുവഴിയെത്തും. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള റോഡിൽ കൊടുംവളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവും കാരണം അപകടങ്ങൾ തുടർകഥയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുപതിലധികം വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനുള്ള സൗകര്യങ്ങളില്ലാത്തതും ഇവിടെ അപകടം വർദ്ധിക്കാനിടയാകുന്നു. പുനർനിർമ്മാണ പ്രവർത്തികൾ നടക്കുന്ന പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണവും ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും പൊതുജനങ്ങൾ പാലിക്കേണ്ടതാണെന്ന് വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു.