sss
വയോജനങ്ങളുടെ ഫാഷൻ ഷോ

വയോജനങ്ങളുടെ ഫാഷൻ ഷോ; 'വാർദ്ധക്യകാല ബഹള സന്തോഷങ്ങൾ' വ്യത്യസ്തമായി

തൊടുപുഴ: അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ടൗൺ ഹാളിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച വയോജനങ്ങളുടെ ഫാഷൻ ഷോ 'വാർദ്ധക്യകാല ബഹള സന്തോഷങ്ങൾ' വ്യത്യസ്തമായി. ജില്ലാ സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് എം.എസ്.ഡബ്ല്യു വിഭാഗം വിദ്യാർത്ഥികളും സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വാർദ്ധക്യ സഹജമായ മാനസിക പിരിമുറുക്കങ്ങളും ഏകാന്തതയും കുറയ്ക്കുകയും അവരുടെ സന്തോഷങ്ങൾ കണ്ടെത്തുകയുമാണ് ഫാഷൻ ഷോയിലൂടെ ലക്ഷ്യമിട്ടത്. 65 വയസിന് മുകളിലുള്ള 20 വയോജനങ്ങളെ അണിനിരത്തിയായിരുന്നു ഫാഷൻ ഷോ. ഇതോടൊപ്പം വയോജനങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലൂടെ കിംഗ് ഓഫ് ദി ഡേ, ക്യൂൻ ഓഫ് ദി ഡേ യേയും തിരഞ്ഞെടുക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. കൊച്ചു മക്കൾക്കൊപ്പം സെൽഫിയെടുക്കൽ മത്സരവും നടത്തി. ഇത് കൂടാതെ വിദ്യാർത്ഥികളുടെയും വയോജനങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സാബുകുട്ടി, എം.എസ്.ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല, അദ്ധ്യാപകരായ ഡോ. ജസ്റ്റിൻ ജോസഫ്, മനു കുര്യൻ, അനിറ്റ മാത്യു, സ്റ്റുഡന്റ് കോ-ഓഡിനേറ്റർ അലൻ ജോർളി, അലീന ബെന്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾ എത്തിയത്.


അന്താരാഷ്ട്ര വയോജന ദിനാചരണം നടത്തി

തൊടുപുഴ: ജില്ലാ ഭരണകൂടം, ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ്, 'അരികെ' പാലിയേറ്റീവ് കെയർ, വയോമിത്രം തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജ് സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ മുൻസിപ്പൽ ടൗൺഹാളിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഷീബ ജോർജ് മുഖ്യാതിഥിയായി. സബ്ജഡ്ജ് പി.എ. സിറാജുദ്ദീൻ വയോജനദിന സന്ദേശം നൽകി. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി മുതിർന്ന പൗരന്മാരെ ആദരിച്ചു. സമകാലീന പ്രശ്‌നങ്ങളും മുതിർന്ന പൗരന്മാരും എന്ന വിഷയത്തിൽ പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസർ ഡോ. അജി പി.എൻ. സെമിനാർ നയിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ ഷാഹുൽ ഹമീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി.ജെ., സാമൂഹ്യ സുരക്ഷാമിഷൻ ജില്ലാ കോർഡിനേറ്റർ ഷോബി വർഗീസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ജിഗോപകുമാർ എന്നിവർ സംസാരിച്ചു.


വയോജന സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു

കട്ടപ്പന: നഗരസഭയുടെയും വയോമിത്രത്തിന്റെയും ആഭിമുഖ്യത്തിൽ 'വർണ്ണപകിട്ട് 2022' എന്ന പേരിൽ വയോജന സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി കട്ടപ്പന നഗരസഭാ ഹാളിൽ നടത്തിയ പരിപാടി നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. 500 ലധികം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു. 60 വയസിന് മുകളിൽ പ്രായമുള്ള കായിക താരങ്ങൾക്കായി ചെന്നൈയിൽ നടത്തിയ നാഷണൽ മീറ്റിൽ മെഡൽ നേടിയ പാപ്പാ കളപ്പുര, സണ്ണി വളവനാൽ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സംഗമത്തിൽ പങ്കെടുത്ത എല്ലാ വയോജനങ്ങൾക്കും സ്‌നേഹോപഹാരം നൽകി. സംഗമത്തോടനുബന്ധിച്ച് നിയമബോധന ക്ലാസ്, കലാപരിപാടികൾ, സ്‌നേഹവിരുന്ന് തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. അഡ്വ. ബാലാജി നിയമബോധന ക്ലാസ് നയിച്ചു. നഗരസഭ അംഗങ്ങളായ ഏല്യാമ്മ കുര്യാക്കോസ്, തങ്കച്ചൻ പുരയിടം, കെ.ജെ. ബെന്നി, സോണിയ ജെയ്ബി, കൗൺസിലർമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകാന്ത്, ആരോഗ്യ വിഭാഗം ജീവനക്കാർ, മുൻസിപ്പലിറ്റി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

മുതിർന്ന സമ്മതിദായകരെ ആദരിച്ചു

ഇടുക്കി: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇടുക്കി മണ്ഡലത്തിലെ മുതിർന്ന സമ്മതിദായകരെ ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കള്രേക്ടറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ
ഏഴ് മുതിർന്ന സമ്മതിദായകരെ ജില്ല കളക്ടർ ഷീബ ജോർജ് പൊന്നാടയണിയിച്ചു. ഇലക്ഷൻ കമ്മിഷൻ നൽകുന്ന ആദരസൂചകമായ സാക്ഷ്യപത്രവും ഇവർക്ക് സമ്മാനിച്ചു. തിരെഞ്ഞെടുപ്പ് പ്രക്രിയയിൽ വർഷങ്ങളോളം ഫലപ്രദമായി സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ മുതിർന്ന തലമുറയെ യുവജനങ്ങൾ മാതൃകയാക്കണമെന്ന് കളക്ടർ അദ്ധ്യക്ഷ പറഞ്ഞു. എ.ഡി.എം ഷൈജു പി. ജേക്കബ് ആശംസയർപ്പിച്ചു. 98 വയസുകാരനായ വാഴത്തോപ്പ് മണിമലയിൽ വീട്ടിൽ ദേവസ്യ, ഇടുക്കി ഡാമിന് സ്ഥാനം കാണിച്ചു നൽകിയ ആദിവാസി കൊലുമ്പന്റെ കൊച്ചുമകൻ ഭാസ്‌കരൻ, പാറേമാവ് മങ്കലപ്പിള്ളിൽ ജാനമ്മ, പഴയമാക്കിൽ ദേവസ്യ, പൈനാവ് ചേലക്കൽ ആഗസ്തി, മാർഗരീത്ത, തങ്കമ്മ എന്നിവരെയാണ് ആദരിച്ചത്. ഭാസ്‌കരൻ, മാർഗരീറ്റ എന്നിവർ മറുപടി പ്രസംഗം നടത്തി. ആദ്യകാലത്ത് അറക്കുളം വരെ 35 കിലോമീറ്ററിലധികം നടന്നുപോയി വോട്ട് ചെയ്ത അനുഭവം ഭാസ്‌കരൻ ചടങ്ങിൽ പങ്കുവെച്ചു. ജനാധിപത്യം കൂടുതൽ ശക്തിപ്പെടട്ടെയെന്ന് 85 കാരിയായ മാർഗരീറ്റ ആശംസിച്ചു. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ആർ. ലത ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ എൽ.ആർ കെ. മനോജ്, ഡെ. കളക്ടർ ആർ.ആർ. ജോളി ജോസഫ്, ഡെ. കളക്ടർ എൽ.എ. ദീപ. കെ തുടങ്ങിയവർ പങ്കെടുത്തു. ഹുസൂർ ശിരസ്തദാർ ഷാജിമോൻ നന്ദി പറഞ്ഞു.