 
അടിമാലി: കോൾഡ് സ്റ്റോറേജിന്റെ മറവിൽ ഡ്രൈഡേകളിൽ മദ്യം ശേഖരിച്ചുവച്ച് വിൽപ്പന നടത്തിവന്നയാൾ പിടിയിൽ. വെള്ളത്തൂവൽ കമ്പിപുരയിടത്തിൽ ജോസിനെയാണ് (50) അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. തുടർച്ചയായ രണ്ട് അവധി ദിവസങ്ങളിൽ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചുവച്ച 24 ലിറ്റർ മദ്യവും കണ്ടെടുത്തു. വെള്ളത്തൂവൽ ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മത്സ്യവും മാംസവും വിൽപ്പന നടത്തുന്ന കോൾഡ് സ്റ്റോറേജിന്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസർ വി.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരായ കെ.പി. റോയിച്ചൻ, മീരാൻ കെ.എസ്, ഹാരിഷ് മൈദീൻ, ക്ലമന്റ് വൈ, രഞ്ജിത്ത് കവിദാസ്, എസ്.പി. ശരത് എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.