തൊടുപുഴ: മയക്കുമരുന്ന് ഉപയോഗത്തിന്റെയും വിപണനത്തിന്റെയും കാര്യത്തിൽ ജില്ല ഒന്നാം സ്ഥാനത്താണെന്ന് കണക്കുകൾ വ്യക്താക്കുന്നു. എക്‌സൈസ് വകുപ്പിൽ ഇടുക്കി ജില്ല ഉൾപ്പെടുന്ന സോണിൽ 565 മയക്കുമരുന്ന് കേസാണ് ഈ വർഷം ഇതവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം മുതൽ എം.ഡി.എം.എയടക്കമുള്ള സിന്തറ്റിക് ലഹരി വസ്തുക്കൾ പിടികൂടുന്നത് വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. മയക്കുമരുന്ന് വ്യാപനം തടയാൻ സർക്കാർ വിവിധ വകുപ്പുകൾ വഴി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെയും തൊടുപുഴ അരിക്കുഴയിൽ നിന്ന് 17 ഗ്രാം എം.ഡി.എം.എയും 34 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. അങ്കംവെട്ടി മുങ്ങാശേരിയിൽ നിവിൻ ബേബി (22), കുമാരമംഗലം മുത്താരംകുന്ന് കാരമക്കാവിൽ അനു ഉണ്ണി (29) അരിക്കുഴ അപ്പാമലയിൽ അമൽ ബാബു (25) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ അരിക്കുഴ ഭാഗങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാക്കൾ പിടിയിലായത്. അരിക്കുഴയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി യുവാക്കൾ ഉൾപ്പെടെയുള്ള സംഘം എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നവരെ കണ്ടു. ഇവരെ ചോദ്യം ചെയ്ത് കാറിനുള്ളിൽ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി ഒട്ടേറെ ലഹരി മരുന്ന് കേസുകളാണ് പൊലീസും എക്‌സൈസും ചേർന്ന് തൊടുപുഴയിൽ നിന്ന് മാത്രം പിടികൂടിയത്. തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു, സർക്കിൾ ഇൻസ്‌പെക്ടർ വി.സി.വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
ജനജാഗ്രത സമിതിക്ക് രൂപം നൽകി
ഏലപ്പാറ: ഏലപ്പാറ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനജാഗ്രത സമിതിക്ക് രൂപം നൽകി. സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായാണ് ജാഗ്രത സമിതി രൂപീകരിച്ചത്. എക്‌സൈസ് വകുപ്പ് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ജനജാഗ്രത സമിതി രൂപീകരിച്ച് മയക്ക് മരുന്നിനെതിരെ പോരാടുന്നത്. ഏലപ്പാറ പഞ്ചായത്തിൽ ഇതിന്റെ ഭാഗമായി പഞ്ചായത്ത് വാർഡുതല സമിതികൾ രൂപീകരിച്ചു. യോഗത്തിൽ വെച്ച് എക്‌സൈസ് പ്രാവന്റീവ് ആഫീസർ സുരേഷ് ബാബു ക്ലാസ് നയിച്ചു. യോഗത്തിൽ ഏലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, പൗര പ്രമുഖർ, വ്യാപാരികൾ രാഷ്ട്രിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.