നെടുങ്കണ്ടം :കാരുണ്യ ട്രസ്റ്റ് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണം തുടങ്ങിട പത്താം വർഷത്തിലേക്ക് കടന്ന ദിവസം ആഘോഷമാക്കി ട്രസ്റ്റ് അംഗങ്ങൾ. പായസമടക്കമുള്ള വിഭവ സമൃദ്ധമായ ഭക്ഷണമാണ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്. ചോറ്, സാമ്പാർ, പുളിശേരി, വിവിധ തോരനുകൾ, അച്ചാർ, പപ്പടം എന്നിവയാണ് ഊണിലുള്ളത്. ഒരു ദിവസം പോലും മുടങ്ങാതെയാണ് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണം നൽകുന്നത് . 9 വർഷങ്ങൾ കൊണ്ട് ഒരുകോടിയിലധികം രൂപയുടെ ഭക്ഷണമാണ് കാരുണ്യാ ട്രസ്റ്റ് നൽകിയത്. ആക്രി ചലഞ്ചക്കം നടത്തിയാണ് ഭക്ഷണത്തിനുള്ള തുക ട്രസ്റ്റ് സമ്പാദിക്കുന്നത്. ആദ്യകാലത്ത് നെടുങ്കണ്ടം പൊലീസ് കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങിനൽകിക്കൊണ്ടാണ് താലൂക്ക് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. പിന്നീട് സുമനസുകളുടെ സഹായത്തോടെ ഭക്ഷണം തയാറാക്കി നൽകിത്തുടങ്ങി. പ്രളയകാലത്തെയും കോവിഡ് കാലത്തെയും സാമ്പത്തിക പ്രശ്‌നങ്ങളെ അതിജീവിച്ചുകൊണ്ടാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം നടത്തുന്നത്. 10 ാം വർഷത്തിലേക്ക് കടക്കുന്ന ഇന്ന് പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ സദ്യയോടെയാണ് ഉച്ചഭക്ഷണം നൽകിയത്. വാർഷികാഘോഷം കെപിസിസി എക്‌സിക്യൂട്ടിവ് അംഗം ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സേനാപതി വേണു, നേതാക്കളായ എം.എസ്.മഹേശ്വരൻ, കെ.ആർ.രാമചന്ദ്രൻ നായർ, റെജി ആശാരിക്കണ്ടം, കെ.എൻ.തങ്കപ്പൻ, അനിൽ കട്ടുപ്പാറ, ശ്യാമള വിശ്വനാഥൻ, ജിറ്റോ ഇലുപ്പുലിക്കാട്ട്, വി.എം.ജോസഫ്, പി.കെ.ഷാജി, ജൂബി ജോസഫ്, കെ.കെ.സലിം എന്നിവരുടെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനം.