കൊക്കയാർ : ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണാർത്ഥം കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാജാഥ, തെരുവുനാടകം, പപ്പറ്റ് ഷോ എന്നിവ സംഘടിപ്പിച്ചു. കലാജാഥ കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ നിർവഹണ സഹായ ഏജൻസിയായ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കലാജാഥ സംഘടിപ്പിച്ചത്. എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജൽ ജീവൻ മിഷൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറ്റിപ്ലങ്ങാട് ഗവൺമെന്റ് സ്‌കൂൾ, കൊക്കയാർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കുമാരനാശാൻ പബ്ലിക് സ്‌കൂൾ, മുപ്പത്തഞ്ചാം മൈൽ, ഏന്തയാർ ഈസ്റ്റ് എന്നിവിടങ്ങളിൽ തെരുവ്‌നാടകം, കലാജാഥ, പാവ നാടകം എന്നിവ അവതരിപ്പിച്ചു.
സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ അൻസൽന സക്കീർ, പി. വി. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.ജൽ ജീവൻ മിഷൻ കോർഡിനേറ്റർ ആൽബിൻ ജെയിംസ് ജോസഫ് കലാജാഥക്ക് നേതൃത്വം നൽകി.