ആലക്കോട്: കാരിക്കോട്- തെക്കുംഭാഗം- ആനക്കയം റോഡ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്രപോലും ദുഷ്‌കരമായ അവസ്ഥയിലാണ്. റോഡിന്റെ തകർച്ച മൂലം ഈ റൂട്ടിൽ ഓടുന്ന യാത്രാ ബസുകൾ എല്ലാം സർവീസ് അവസാനിപ്പിച്ചിരിക്കുകയാണ്. സ്‌കൂൾ ബസുകൾ പലതും ഇതുവഴി വരാൻ മടിക്കുകയാണ്. നിരവധി നിവേദനങ്ങൾ പൊതുമരാമത്ത് വകുപ്പിനും വകുപ്പ് മന്ത്രിക്കും നൽകിയിട്ടും പ്രയോജനമുണ്ടായില്ല. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്താൻ കേരള കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി കാവാലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജയിംസ്,​ പഞ്ചായത്തംഗങ്ങളായ ജാൻസി മാത്യു, ഷാന്റി ബിനോയി, ജാൻസി ദേവസ്യ, പാർട്ടി ഭാരവാഹികളായ മാത്യു ചേമ്പളാങ്കൽ, ബിനു കണിയാമറ്റം, ബേബി തെങ്ങുംപിള്ളി, ലവിന്റെ നിറ്റത്താനി എന്നിവർ പ്രസംഗിച്ചു.