നവരാത്രിയോടനുബന്ധിച്ച് പൂജവയ്പ്പ്, ദേവീ പൂജ, സംഗീതോത്സവങ്ങൾ, മറ്റ് വിശേഷാൽ ചടങ്ങുകൾക്ക്

ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി തുടക്കമായി. പുസ്തകങ്ങളുടെ പൂജവെയ്പ്പ് ഞായറാഴ്ച്ച തുടങ്ങി. മഹാനവമി ദിനമായ ഇന്നാണ് ആയുധ പൂജ. നാളെ വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പുജയെടുപ്പ്. തുടർന്ന് വിദ്യാരഭം നടക്കും. കൊവിഡ് കാലത്തെ ഒത്തുചേരലുകളുടെ പരിമിതികൾ ഇത്തവണ ഒഴിഞ്ഞതിനാൽ വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ഒൻപതു രാത്രിയും ഒരു പകലുമടങ്ങുന്ന ഉത്സവകാലമാണ് നവരാത്രിയും വിജയദശമിയും. ദുർഗാദേവി മഹിഷാസുരനെ വധിച്ച് വിജയംവരിച്ച ദിനമാണ് വിജയദശമി. അതിനാൽ ജീവിത വിജയത്തിനുപകരിക്കുന്ന സകലകലകളും തുടക്കംകുറിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു സന്ദർഭമായി വിജയദശമി ദിനത്തെ പരിഗണിച്ചുപോരുന്നു. കൈയിൽ മണിവീണയും ഗ്രന്ഥക്കെട്ടുമായി വിരാജിക്കുന്ന വിദ്യാദേവതയായ വാണിദേവിയുടെ പൂജയാണ് ചടങ്ങിനാധാരം. ദുർഗാദേവി മഹിഷാസുരനെ വധിച്ച് വിദ്യയുടെ ആവിർഭാവത്തോടുകൂടി അജ്ഞാനാന്ധകാരം നശിപ്പിച്ച് സമൃദ്ധിയുടെ വിളക്ക് തെളിച്ചെന്നാണ് വിശ്വാസം. അതിനാൽ തിൻമയ്ക്കുമേൽ നൻമയുടെ പ്രഭാവം വിടർന്ന ദേവിയുടെ വിജയദിനം ദശമിനാളിലായതിനാൽ വിജയദശമിയായി കൊണ്ടാടുന്നു. ആയുധങ്ങളും പുസ്തകങ്ങളും തൂലികയും സംഗീതോപകരണങ്ങളും എന്നു തുടങ്ങി ഓരോരുത്തരുടെയും ഉപജീവനമാർഗവുമായി ബന്ധമുള്ള ഉപകരണങ്ങൾ ദേവിയുടെ സമക്ഷം സമർപ്പിച്ച് പൂജിച്ചശേഷം വിജയദശമി ദിവസം ശുഭമുഹൂർത്തത്തിൽ അവ തിരികെയെടുക്കുന്നു. വിദ്യാരംഭത്തിൽ ഏറെ പ്രചാരം കുരുന്നുകളെ എഴുത്തിനിരുത്താണ്. ആചാര്യന്മാരുടെ മടിയിലിരുത്തുന്ന കുരുന്നിന് വിരൽപിടിച്ച് ഉണക്കലരിയിലോ മണലിലോ ഹരിശ്രീ ഗണപതായെ നമഃ എന്നെഴുതിക്കുന്നു. ജാതി മതങ്ങൾക്കതീതമായി വിദ്യാരംഭ ചടങ്ങുകൾ കേരളത്തിൽ ക്ഷേത്രങ്ങളടക്കം വിവിധ കേന്ദ്രങ്ങളിൽ നടക്കും.