തൊടുപുഴ: നഗര പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗനിർണ്ണയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങളുടെ നടത്തിപ്പിനുമായി അനുവദിച്ചിരിക്കുന്ന ആരോഗ്യ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. 2021-22 മുതൽ 2025-26 വരെയുള്ള 5 വർഷങ്ങളിലായി 12 കോടി രൂപയോളമാണ് ലഭ്യമാവുക. പദ്ധതിയിൽപ്പെടുത്തി പാറക്കടവ് പി.എച്ചി.സിയെ സ്‌പെഷ്യാലിറ്റി സേവനങ്ങൾ നൽകുന്ന പോളിക്ലിനിക്കായി ഉയർത്തും. പഴുക്കാകുളം, കുമ്മംകല്ല്, വെങ്ങല്ലൂർ എന്നിവിടങ്ങളിൽ 3 അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കും. അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങളിൽ ലാബ് സൗകര്യം ഏർപ്പെടുത്തൽ, ഡോക്ടർമാരേയും അനുബന്ധ ജീവനക്കാരേയും നിയമിക്കൽ, ടെലി കൺസൾട്ടേഷൻ സംവിധാനം ഒരുക്കൽ, ആവശ്യമായ പരിശീലനങ്ങൾ നൽകൽ, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കായി ആരോഗ്യ ഗ്രാന്റ് ചെലവഴിക്കും. പോളിക്ലിനിക്കായി അപ്‌ഗ്രേഡ് ചെയ്യുന്ന പാറക്കടവ് പി.എച്ച്.സിയിൽ സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. കാഞ്ഞിരമറ്റം, ഒളമറ്റം എന്നിവിടങ്ങളിൽ കൂടി പുതിയ 2 അർബൻ ഹെൽത്ത് ന്റ് വെൽനസ് സെന്ററുകൾ കൂടി അനുവദിക്കണമെന്ന് എൻ.എച്ച്.എംനോട് അഭ്യർത്ഥിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു. കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു.