തൊടുപുഴ: സ്വകാര്യ വ്യക്തി നടത്തുന്ന ഷെൽറ്റർ ഹോം അനധികൃതമാണെന്ന് പരാതി. പത്തനംതിട്ട കോന്നി സ്വദേശിക്കെതിരെയാണ് പരാതിയുമായി മൃഗ സ്‌നേഹികൾ രംഗത്ത് എത്തിയത്. പത്തനംതിട്ട കോന്നി സ്വദേശിയായ അജാസ് എന്ന വ്യക്തി വളർത്തു നായ്ക്കളെ ഉൾപ്പെടെ സംരക്ഷിച്ചു കൊള്ളാമെന്ന വാഗ്ദാനം നൽകി പത്തനംതിട്ടയിലെ ഷെൽട്ടർ ഹോമിലെത്തിച്ച് കൊന്നു കുഴിച്ചു മൂടിയെന്ന ഗുരുതര ആരോപണമാണ് പരാതിക്കാർ ഉയർത്തിയത്. ഇടുക്കി നെടുങ്കണ്ടത്ത് വെട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ നായയെ ഇയാൾ കൊണ്ടു പോയിരുന്നു. തുടർന്ന് ഈ നായയെ അന്വേഷിച്ച് തൊടുപുഴ റെസ്‌ക്യൂ ടീം ഇയാളുടെ ഷെൽട്ടർ ഹോമിലെത്തുമ്പോഴാണ് സംഭവം പുറത്തു വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്ന് എത്തിച്ച ചെറുതും വലുതുമായ നിരവധി നായകൾ ചികിത്സ ലഭിക്കാതെ ഇവിടെ കിടന്ന് മരിച്ചതായും ഇവർ പറയുന്നു. പലരും പണം കൊടുത്ത് നോക്കാൻ ഏൽപ്പിച്ച നായകളെയും ഇത്തരത്തിൽ കൊന്നു കുഴിച്ചു മൂടി. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പലരെയും ഭീഷണിപ്പെടുത്തനായും പരാതി പറയുന്നു. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ധർണ്ണ സംഘടിപ്പിച്ചു.