
അടിമാലി: നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവാക്കളെ കാപ്പാ നിയമം ചുമത്തി ജയിലിലടച്ചു. മന്നാംകണ്ടം തലമാലി കൊല്ലത്ത് അനീഷ് ജോർജ്ജ് (സിറിയക്ക് -38), പൊന്മുടി പന്നിയാർകുട്ടി മൈലക്കുഴി റോഷി സെബാസ്റ്ര്യൻ (40) എന്നിവരെയാണ് ജയിലിലാക്കിയത്. ഇതിൽ അനീഷ് കഴിഞ്ഞ ഏഴ് വർഷമായി കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, അടിപിടി, ലഹരികടത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോഷി സെബാസ്റ്റ്യന്റെ പേരിൽ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, അടിപിടി കേസുകൾ എന്നിവയാണുള്ളത്. ജില്ലയിൽ പതിവായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം നിൽക്കുന്ന വ്യക്തികളെ നീരീക്ഷിച്ചുവരികയാണെന്നും അത്തരക്കാർക്കെതിരെ പൊലീസ് കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു.