
 കടുവയ്ക്ക് ഇടതുകണ്ണിൽ തിമിരം
മൂന്നാർ: നിരവധി വളർത്തുമൃഗങ്ങളെ കൊന്ന് മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ ഭീതി പരത്തിയ കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിലായി. നയമക്കാട് എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് പെൺ കടുവ അകപ്പെട്ടത്. ഒമ്പത് വയസുള്ള കടുവയുടെ ഇടത് കണ്ണിന് തിമിരം ബാധിച്ചിട്ടുണ്ടെന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. കാഴ്ചപരിമിതി കാരണമാകാം കടുവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിമിരം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതുകൊണ്ട് കടുവയെ ഇനി കാട്ടിലേക്ക് തുറന്നുവിടാനാകില്ല. കാഴ്ചശക്തി കുറഞ്ഞതിനാൽ സ്വാഭാവിക ഇരതേടൽ സാദ്ധ്യമല്ല. ഈ സാഹചര്യത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. പലതവണ നാട്ടിലിറങ്ങി കന്നുകാലികളെ ആക്രമിച്ചതിനാൽ കാട്ടിൽ തുറന്നുവിട്ടാലും ഇത് ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചെത്താനും മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാനും സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. അതിനാൽ വയനാട്ടിലെയോ തൃശൂരിലെയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. ആരോഗ്യസ്ഥിതി സംബന്ധിച്ച് വെറ്ററിനറി ഡോക്ടർമാരുടെ സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും അന്തിമ തീരുമാനം. കടുവയെ മൂന്നാറിൽ നിന്ന് മാറ്റണമെന്നാണ് ഡി.എഫ്.ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ട്.
ശനി, ഞായർ ദിവസങ്ങളിലെ രാത്രിയിൽ മേഖലയിൽ 13 പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ പത്തെണ്ണവും കൊല്ലപ്പെട്ടു. ദേശീയപാത ഉപരോധിച്ച് തോട്ടംതൊഴിലാളികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് കടുവയെ കുടുക്കാൻ വനംവകുപ്പ് വിവിധ ഇടങ്ങളിലായി മൂന്ന് കൂടുകൾ സ്ഥാപത്.