
മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 40.18 മീറ്ററായി ഉയർത്തി.അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് മുട്ടം പഞ്ചായത്ത് പ്രദേശത്തെ വിവിധ വാർഡുകളിൽ അതിരൂക്ഷമായ കുടി വെള്ള പ്രശ്നമാണ് നിലനിന്നത്.ഇതേ തുടർന്ന് യു ഡി എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ എം വി ഐ പി എ ഇ യെ കഴിഞ്ഞ ദിവസം ഉപരോധിക്കുകയും ജലനിരപ്പ് ഉയർത്താൻ ധാരണയാവുകയും ചെയ്തിരുന്നു.കഴിഞ്ഞ ഏതാനും ആഴ്ച്ചകളായിട്ട് അണക്കെട്ടിൽ ജല നിരപ്പ് 37.98 മീറ്ററായി നിജപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് മലങ്കര അണക്കെട്ടിന്റെ തീരങ്ങളിലുള്ള മുട്ടം,കരിങ്കുന്നം, കുടയത്തൂർ,അറക്കുളം, വെള്ളിയാമറ്റം,ആലക്കോട് എന്നിങ്ങനെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ നൂറിൽപ്പരം കുടി വെള്ള പദ്ധതികൾ സ്തംഭനാവസ്ഥയിലായിരുന്നു.അമിത പണം നൽകി സ്വകാര്യ വ്യക്തികളിൽ നിന്ന് കുടി വെള്ളം വാങ്ങിയാണ് മുട്ടം പഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ദിവസങ്ങൾ കഴിച്ചു കൂട്ടിയത്.200 ൽപരം തടവുകാരുള്ള മുട്ടം ജില്ലാ ജയിലിലും പണം നൽകി പുറമെ നിന്നാണ് വെള്ളം എത്തിക്കുന്ന അവസ്ഥയുമായിരുന്നു.ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥയിലായി.എന്നാൽ എം വി ഐ പി അധികൃതർക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോൾ മണിക്കൂറുകൾക്കകം പ്രശ്ന പരിഹാരമായി.