
തൊടുപുഴ: കാരിക്കോടുള്ള ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഗതാഗത്തിനായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്. ആശുപത്രിയിലേക്കുള്ള പ്രധാന പാതയായ ഇത് നാളുകളായി തകർന്നു കിടക്കുകയായിരുന്നു. ബുധനാഴ്ച നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ. അജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുദീപ് എന്നിവർ സംസാരിച്ചു. ആർ.എം.ഒ ഡോ. സി.ജെ. പ്രീതി നന്ദി പറഞ്ഞു. എച്ച്.എം.സി അംഗങ്ങളായ വി.എസ്. അബ്ബാസ്, ദിലീപ് മൊയ്തീൻ എന്നിവർ പങ്കെടുത്തു.