തൊടുപുഴ: പൂജാ അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ മൂന്നാറും വാഗമണ്ണും തേക്കടിയുമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയതോടെ ഇടുക്കി ഹൗസ് ഫുള്ളായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മികച്ച തിരക്കാണ് ഇത്തവണ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ ദിവസങ്ങൾക്ക് മുമ്പ് ബുക്കിംഗ് പൂർണമായിരുന്നു. കൂടുതൽ പേരും രണ്ട് ദിവസത്തെ യാത്ര ക്രമീകരിച്ച് എത്തുന്നവരാണ്. തിങ്കളാഴ്ച ലീവ് എടുത്ത് ഞായറാഴ്ച വൈകിട്ട് മുതൽ ബുധനാഴ്ച വരെ അടിച്ചുപൊളിക്കുന്നവരും കുറവല്ല. സാധാരണ പൂജാ അവധിക്ക് ഉത്തരേന്ത്യക്കാരാണ് കൂടുതലായി എത്തിയിരുന്നത്. ഇത്തവണ തമിഴ്നാട്ടിൽ ഒരാഴ്ചയോളം അവധിയുള്ളതിനാൽ തമിഴ്‌നാട് സ്വദേശികളാണ് സഞ്ചാരികളിലേറെയും. കൊവിഡ് ഭീതി ഒഴിഞ്ഞതോടെ ടൂറിസം കേന്ദ്രങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ പൊതുവേ സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. കഴിഞ്ഞ ശനിയും ഞായറും പതിനായിരത്തിലധികം പേരാണ് മൂന്നാറിലെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് അയവു വന്നശേഷം മൂന്നാർ ടൂറിസം മേഖല തിരിച്ചു കയറുന്നതിന്റെ സൂചനയാണ് അവധി ദിനങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക്. രണ്ട് ദിവസമായി ജില്ലയിൽ ലഭിക്കുന്ന മഴ സഞ്ചാരികൾക്ക് ചെറിയ അസൗകര്യമുണ്ടാക്കുന്നുണ്ട്. എങ്കിലും രാത്രിയിലും പുലർച്ചെയുമാണ് മഴ പെയ്യുന്നതെന്നതിനാൽ വലിയ പ്രശ്നമില്ല.
തേക്കടിയിൽ ബോട്ടിംഗിന് ഇടി
പീരുമേട്: അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ടിംഗിന് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. മലയാളികളെ കൂടാതെ തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന, കർണാടക തുടങ്ങി ഉത്തരേന്ത്യയിൽ നിന്നും വിദേശത്തും നിന്നും വരെ സഞ്ചാരികളെത്തുന്നുണ്ട്. എല്ലാ ബോട്ട് ട്രിപ്പുകളും നിറയെ സഞ്ചാരികളുണ്ട്. പലരും തൊട്ടടുത്ത ദിവസങ്ങളിലേക്ക് ടിക്കറ്റ് റിസർവ് ചെയ്താണ് യാത്ര ചെയ്തത്. സാധാരണ ശനി, ഞായർ അവധി ദിവസങ്ങളിൽ 1500 പേരിലേറെയാണ് ഒരു ദിവസം എത്തിയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിലത് ഇരട്ടിയിലധികമായി. ബോട്ടിങ്ങിന് സീറ്റ് റിസർവ് ചെയ്യാൻ കിട്ടാത്ത നിലയിലേക്ക് സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. ബോട്ട് സവാരി ചെയ്തപ്പോൾ ആന, കാട്ടുപോത്ത്, കേഴമാൻ, മ്ലാവ്, തുടങ്ങിയ വിവിധ മൃഗങ്ങളെയും കൺകുളിർക്കെ കാണാനായതായി സഞ്ചാരികൾ പറഞ്ഞു.