തൊടുപുഴ: ഇടവെട്ടിയിലും കരിമണ്ണൂരിലുമായി നടന്ന തെരുവ് നായ ആക്രമണത്തിൽ വനിതകളക്കടക്കം എട്ട് പേർക്ക് കടിയേറ്റു. ഇടവെട്ടിയിൽ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സംശയം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇടവെട്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടയത്തൂർ സ്വദേശി കാക്കനാട്ട് അഭിജിത്തിനാണ് (19) ഇടവെട്ടിച്ചിറയ്ക്ക് സമീപം റോഡിൽ നിന്ന് ആദ്യം കടിയേറ്റത്. പിന്നാലെ അൽഅസ്ഹർ മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ പയ്യപ്പിള്ളി രഹനയെ (37) ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി പട്ടി ആക്രമിച്ചു. അഭിജിത്തിനെ നായ കടിക്കുന്നത് കണ്ട് ഓടിമാറാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ഇതുകണ്ട് രക്ഷിക്കാനെത്തിയ രഹനയുടെ അച്ഛനെയും അമ്മയെയും നായ ആക്രമിക്കാൻ ശ്രമിച്ചു. പിന്നാലെ ഇവിടെ നിന്ന് ഓടിപ്പോയ നായ തൊണ്ടിക്കുഴ കനാൽ അക്വഡേറ്റിന് സമീപത്തെ പുതിയപാലത്തിൽ വച്ച് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് മടങ്ങി വന്ന ഇടവെട്ടി മാന്തടത്തിൽ ഷീജ ഹരിയെ (39) ആക്രമിച്ചു. കാലിനും കൈയ്ക്കും ആഴത്തിൽ കടിയേറ്റു. സഹായിക്കാനെത്തിയ ബൈക്ക് യാത്രികനെയും തൊടുപുഴ ജോയിന്റ് ആർ.ടി.ഒ ഓഫീസ് ജീവനക്കാരനെയും ഇടവെട്ടി തട്ടുംപുറത്ത് മനോജിനെയും (52) നായ ആക്രമിച്ചു. പ്രദേശത്തെ ഒരു വളർത്ത് നായയെയും കടിച്ചു. പിന്നീട് മരവെട്ടിച്ചുവട് പാലത്തിന് സമീപം വച്ച് വലോമറ്റത്തിൽ കരുണാകരനെ ആക്രമിച്ചു. എല്ലാവരും തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാനായിട്ടില്ല. നായയെ പിടിക്കാനായി രാത്രിയോടെ ഡോഗ് ക്യാച്ചറെ എത്തിച്ചതായും ഉടനെ നായയെ പിടികൂടുമെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സമദ് പറഞ്ഞു.
കരിമണ്ണൂർ ടൗണിൽ മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ടൗണിൽ പെട്ടിക്കട നടത്തുന്ന ദാമോദരൻ, അസി, ഒരു സ്ത്രീ എന്നിവർക്കാണ് കടിയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. കിളിയറ ഭാഗത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ടുപേരെ ഓടിച്ചിട്ട് കടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ടൗണിലെത്തിയ നായ ആളുകളെ കടിച്ചത്. ഈ നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നായയെ പിടികൂടാൻ വാഗമണ്ണിൽ നടത്തിയ പരിശീലനപരിപാടിയിൽ പഞ്ചായത്തിൽ നിന്നു ഒരാളെ അയച്ചിരുന്നെങ്കിലും പിടികൂടുന്നതിനുള്ള ഉപകരണങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.