കുമളി: വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ഇന്ന് പെരിയാർ കടുവ സങ്കേതത്തിൽ നടക്കും. കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ ഉച്ച കഴിഞ്ഞ് 3 ന് സമാപന സമ്മേളനം വനം വന്യ ജീവി മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാവും. സാംസ്‌കാരിക മന്ത്രി വി. എൻ. വാസവൻ വിശിഷ്ടാതിഥിയാകും.
വനവും വന്യജീവികളും തനതായ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം സമൂഹത്തിൽ വളർത്തുക, വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ഒക്ടോബർ 2 മുതൽ വാരഘോഷം സംഘടിപ്പിച്ചത്. സ്‌കൂൾ കോളേജ് തലത്തിൽ സംഘടിപ്പിച്ച ക്വിസ്, പ്രസംഗ മത്സരങ്ങളുടെ സംസ്ഥാനതല മത്സരങ്ങൾ പെരിയാർ ടൈഗർ റിസർവിൽ ശനിയാഴ്ച നടക്കും.
സമാപന സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് ഒരു മണിക്ക് കുമളി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ നിന്നും ജനബോധന റാലി സംഘടിപ്പിക്കും.സമാപന സമ്മേളനത്തിൽ വാഴൂർ സോമൻ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
കോന്നി എം. എൽ. എ. കെ. യു. ജിനീഷ് കുമാർ, റാന്നി എം. എൽ. എ. പ്രമോദ് നാരായണൻ, പൂഞ്ഞാർ എം. എൽ. എ. സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ്, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ഉഷ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്, പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ പ്രമോദ് പി. പി., ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, കമ്മറ്റി ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.