അതിർത്തിവഴി ലഹരിക്കടത്തിന് തടയിടാൻ തമിഴ്നാട് -കേരള സംയുക്ത നീക്കം
കുമളി: അതിർത്തിവഴി ലഹരിമരുന്നും കഞ്ചാവും കടത്തുന്നത് തടയിടാൻ കേരള, തമിഴ്നാട് പൊലീസിന്റെ സംയുക്ത നീക്കം. അടുത്ത കാലത്തായി വ്യാപകമായാണ് കഞ്ചാവും ലഹിമരുന്നും ഇടുക്കി ജില്ലവഴി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് പോന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും വനംവകുപ്പിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുന്നത് ശമനമില്ലാതെ തുടരുകയായിരുന്നു. ഇതേത്തുടർന്നാണ് തേനി , ഇടുക്കി ജില്ലകളിലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് കർശന നടപടികൾ ആസൂത്രണം ചെയ്തത്.
ഇതിന്റെ ആദ്യപടിയായി തേക്കടി ആനവച്ചാൽ ബാംബു ഗ്രോവിൽ വച്ച് തേനി ഇടുക്കി ജില്ലകളിലെ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു. ഇരു ജില്ലകളിലെയും എസ്. പി.മാരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. അതിർത്തിയിൽ നിന്നും ലഹരി ഉത്പ്പന്നങ്ങളുമായി പിടിയിലാകുന്ന പ്രതികൾ പലരും തമിഴ്‌നാട്ടിലെ തേനി, കമ്പം, ഗൂഡല്ലൂർ, അരശുമരതെരുവ്, വടക്കുപ്പെട്ടി, തേവാരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് ലഭിച്ചു എന്നാണ് മൊഴി നൽകാറുള്ളത്. എന്നാൽ ഇതു സംബന്ധിച്ച് തുടർ അന്വേഷണം തമിഴ്‌നാട്ടിൽ ഫലപ്രദമായി നടത്താൻ കഴിഞ്ഞിരുന്നില്ല. തേനി, ഇടുക്കി ജില്ലകളിലെ പൊലീസ്, നാർക്കോട്ടിക് വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കം ആരംഭിക്കുന്നതോടെ ഇതിന് തടയിടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതർ.
തുടർ യോഗങ്ങൾ ചേരുന്നതിനും പരിശോധനകൾ ഊർജിതമായി നടത്താനും യോഗത്തിൽ തീരുമാനിച്ചു.
തേനി എസ്. പി. പ്രവീൺ ഡോങ്കരെ, ഉത്തമപാളയം ഡിവൈ.എസ്.പി. ശ്രേയ ഗുപ്ത, തേനി ഡിവൈ.എസ്.പി. ഡി. സുരേഷ്, പീരുമേട് ഡിവൈ.എസ്.പി. ജെകുര്യാക്കോസ് , ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പയസ് ജോർജ്, ഇടുക്കി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. മാത്യു ജോർജ്, കുമളി എസ്. എച്ച്. ഒ. ജോബിൻ ആന്റണി, ഇരു ജില്ലകളിലെയും പൊലീസ്, നാർക്കോട്ടിക് വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
----
അതിർത്തി വഴിയുള്ള കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളുടെ കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധനകൾ നടത്താനും, തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ലഹരി ഉത്പ്പന്നങ്ങൾ കടത്തിക്കൊണ്ടുവരുന്ന പ്രതികളെ തമിഴ്‌നാട് ഉദ്യോഗസ്ഥർ കൂടി ചോദ്യം ചെയ്യുന്നതിനും പ്രതികളെ സംബന്ധിച്ച ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുന്നതിനും യോഗത്തിൽ ധാരണയായി
വി. യു. കുര്യാക്കോസ്
ഇടുക്കി ജില്ലാ പൊലീസ് മേധാവി