 
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ ഡി.ഇ.ഒ ഓഫീസിന് സമീപമുള്ള വിജനസ്ഥലത്തെ വീട്ടിൽവച്ച് യുവതിക്ക് കുത്തേറ്റു. പ്രതി ഇടുക്കി തങ്കമണി ചിന്താർമാണിയിൽവീട്ടിൽ ബിനു തങ്കച്ചനെ (35) പൊലീസ് ഇൻസ്‌പെക്ടർ കെ.എൻ. രാജേഷ് അറസ്റ്റുചെയ്തു. കുത്തേറ്റ് ചോരവാർന്ന് പ്രാണരക്ഷാർത്ഥം റോഡിലേക്ക് ഓടിവന്ന യുവതിയെ കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. സമീപത്തെ വീട്ടിനുള്ളിൽ കത്തിയുമായി ആത്മഹത്യാഭീഷണി മുഴക്കിനിന്ന യുവാവിനെ പൊലീസ് സംഘം പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. നാട്ടുകാരും തടിച്ചുകൂടി.
കുത്തേറ്റ സ്ത്രീ വാടകയ്ക്കെടുത്ത കെട്ടിടത്തിൽവച്ച് ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. തൊടുപുഴ സ്റ്റേഷൻ പരിധിയിൽ പോക്‌സോ കേസിൽ പ്രതിയായ ഇയാൾ രണ്ടു ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കുത്തേറ്റ സ്ത്രീ പ്രതിക്കെതിരെ മുമ്പ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനം.
പൊലീസ് സംഘത്തിൽ എസ്.ഐ ഷീല, എ.എസ്.ഐ സുഭാഷ് തങ്കപ്പൻ, സീനിയർ സി.പി.ഒമാരായ രാമചന്ദ്രൻ, അനസ്, ഇബ്രാഹിംകുട്ടി, ബിബിൽ മോഹൻ, സുഭാഷ്‌കുമാർ, ജിസ്‌മോൻ, സജേഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.