മൂന്നാർ: മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ കെണിയിലകപ്പെട്ട കടുവയെ ഉൾവനത്തിലേക്ക് തന്നെ അയച്ചേക്കും. മൂന്നാർ വൈൽഡ്ലൈഫ് വാർഡനും ഡി.എഫ്.ഒയുമടങ്ങുന്ന ആറംഗ നിരീക്ഷണ സമിതിയാണ് ശുപാർശ നൽകിയത്. കടുവയെ പരിശോധിച്ച വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് വൈൽ‌ഡ് ലൈഫ് വാർഡനാണ്. ഏത് വനത്തിലേക്കാണ് മാറ്റേണ്ടതെന്നതടക്കം അദ്ദേഹമാണ് നിശ്ചയിക്കുക. ചൊവ്വാഴ്ച രാത്രി കൂട്ടിലകപ്പെട്ട പെൺകടുവ നിലവിൽ ദേവികുളം സെൻട്രൽ ഡിവിഷനിലെ വനം വകുപ്പ് കേന്ദ്രത്തിലാണ് കഴിയുന്നത്. ഒമ്പത് വയസ് പ്രായമുള്ള കടുവയ്ക്ക് ഇടത് കണ്ണിന് തിമിരം ബാധിച്ചിട്ടുള്ളതിനാൽ കടുവയെ മൂന്നാറിൽ നിന്ന് ഏതെങ്കിലും വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ കണ്ണിന് കാഴ്ച കുറവുണ്ടെങ്കിലും കടുവ ആരോഗ്യവതിയാണെന്നും സ്വാഭാവികമായി ഇര തേടാനാകുമെന്നുമാണ് വിദഗ്ദ്ധഡോക്ടർമാരുടെ സംഘത്തിന്റെ നിഗമനം. ഇതനുസരിച്ചാണ് കടുവയെ ഉൾവനത്തിലേക്ക് മാറ്റാൻ സമിതി ശുപാർശ ചെയ്തത്.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലെ രാത്രിയിൽ മേഖലയിൽ 13 പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ പത്തെണ്ണവും കൊല്ലപ്പെട്ടു. ദേശീയപാത ഉപരോധിച്ച് തോട്ടംതൊഴിലാളികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് കടുവയെ കുടുക്കാൻ വനംവകുപ്പ് വിവിധ ഇടങ്ങളിലായി മൂന്ന് കൂടുകൾ സ്ഥാപത്. മൂന്നാർ ഡി.എഫ്.ഒയും റേഞ്ച് ഓഫീസറുമടക്കം തിങ്കളാഴ്ച രാത്രിയിൽ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം തീർത്തിരുന്നു. തേക്കടിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ എത്തിച്ച് കടുവയുടെ സഞ്ചാരപാത തിരിച്ചറിയാനും നിരീക്ഷണം നടത്താനുള്ള ശ്രമവും വനംവകുപ്പ് ഏർപ്പെടുത്തിയിരുന്നു. 24 മണിക്കൂർ കൺട്രോൾ റൂം തുറന്ന് നൂറോളം ഉദ്യോഗസ്ഥരാണ് കടുവയെ കുടുക്കാൻ പരിശ്രമിച്ചത്. മയക്കുവെടി വയ്ക്കുന്നതിനുള്ള തോക്ക്, നിരീക്ഷണത്തിനുള്ള ഡ്രോൺ ഉൾപ്പെടെ നൽകി 20 അംഗ വനപാലക സംഘത്തെയും പ്രദേശത്ത് നിയമിച്ചിരുന്നു. കടുവയെ ഭയന്ന് ചൊവ്വാഴ്ചയും തൊഴിലാളികൾ പണിക്കിറങ്ങിയിരുന്നില്ല. വളർത്തുമൃഗങ്ങളെ വേട്ടയാടിയിരുന്ന കടുവ കെണിയിലായതോടെ നയ്മക്കാട് മേഖലയിലെ കടുവഭീതി പൂർണ്ണമായും ഒഴിവായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കടുവയെ ഇവിടെ വിടരുത്

കടുവയെ മൂന്നാറിലെ കാട്ടിൽ തുറന്നുവിടരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ ഇടുക്കിയിൽ നിന്ന് തന്നെ കടുവയെ മാറ്റിയേക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഏത് വനമേഖലയിൽ വിടണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനിക്കും. കടുവ കെണിയിലായതിന് ശേഷം സി.സി ടി.വി കാമറകളിലൊന്നും വേറെ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇതിൽ നിന്ന് നയമക്കാട് പശുക്കളെ ആക്രമിച്ച കടുവ തന്നെയാണ് കെണിയിലായതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പ്രദേശത്ത് 2017ന് ശേഷം എൺപതിലധികം പശുക്കളാണ് ഇത്തരത്തിൽ പുലിയുടെയും കടുവയുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നല്ലതണ്ണി, പഴയ മൂന്നാർ, കല്ലാർ, ലാക്കാട്, ദേവികുളം ചൊക്കനാട്, നയമക്കാട്, ചട്ട മൂന്നാർ, കോഫി സ്റ്റോർ എസ്റ്റേറ്റുകളിലാണ് വന്യമൃഗശല്യം രൂക്ഷം.