 
മറയൂർ: മറയൂർ- ഉദുമലപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് സ്‌കൂൾ ബസിലേക്ക് വിനോദ സഞ്ചാരികളുടെ കാർ ഇടിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. ബാംഗ്ലൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനവും മറയൂർ ജയ്‌മാത പബ്ലിക് സ്‌കൂളിലെ ബസുമാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാല് മണിയോടെ സ്‌കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ ഇറക്കുന്നതിനായി കരിമുട്ടിയിലേക്ക് പോകും വഴി കരിമുട്ടി പാലത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ജയ്മാതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനു എം, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവഗംഗ എന്നിവർക്കാണ് പരിക്കേറ്റത്. ബസിലെ നിരവധി വിദ്യാർത്ഥികൾക്ക് നിസാരമായി പരിക്കേറ്റു. വിനോദ സഞ്ചാരികൾ യാത്രചെയ്ത കിയോ സോണറ്റ് വാഹനത്തിന്റെ എയർ ബാഗ് തുറന്നതിനാൽ കാർ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഉത്തർ പ്രദേശ് സ്വദേശി സജൻ കൗഷിക്കും സുഹൃത്തുക്കളും മൂന്നാറിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ സഹായഗിരി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു.