തൊടുപുഴ: അഞ്ചിരി ഇ‍ഞ്ചിയാനിയിലെ പാറമടയിൽ കരിങ്കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഡ്രൈവറില്ലാതിരുന്നതിനാൽ അത്യാഹിതമൊഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇഞ്ചിയാനിയിൽ പ്രവർത്തിക്കുന്ന മരിയ ഗ്രാനൈറ്റ്സിന്റെ പാറമടയിലെ താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ലോഡ് കയറ്റി വന്ന ലോറി റോഡിൽ നിറുത്തി പാസ് വാങ്ങുന്നതിനായി ഡ്രൈവർ സമീപമുള്ള പാറമടയുടെ ഓഫീസിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാറമടയുടെ മുകളിലെ ഇടുങ്ങിയ വഴിയിൽ നിറുത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുണ്ട് 80 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറമടയുടെ മധ്യഭാഗത്തെ തിട്ടയിലിടിച്ച് നിന്നെങ്കിലും അപകടത്തിൽ ലോറി പൂർണമായി തകർന്നു. സമീപം മറ്റ് വാഹനങ്ങളില്ലാത്തതിനാൽ വൻഅപകടമാണ് ഒഴിവായത്.